ഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ തീവ്രദാരിദ്ര്യം 12.3 ശതമാനം കുറഞ്ഞതായി അന്താരാഷ്ട്ര നാണയ നിധി. 2011ല്‍ പ്രതിശീര്‍ഷ ദാരിദ്ര്യ നിരക്ക് 22.5 ശതമാനമായിരുന്നത് 2019ല്‍ 10.2 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഭവ സ്വീകരണ അസമത്വം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിയെന്നും ഇത് രാജ്യം സമ്ബൂര്‍ണ്ണ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ പടിവാതിലില്‍ എത്തി എന്നതിന്റെ പ്രകടമായ സൂചനയാണെന്നും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ലോകബാങ്ക് വ്യക്തമാക്കി.
ദാരിദ്ര്യം നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനും ഭക്ഷ്യസുരക്ഷയും തൊഴിലും ഉറപ്പ് വരുത്തുന്നതിനും രാജ്യത്ത് നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളുടെ ഫലമാണ് ഈ നേട്ടം. ഗ്രാമീണ മേഖലകളിലാണ് നേട്ടം വലിയ തോതില്‍ പ്രകടമായിരിക്കുന്നത്. ഇവിടങ്ങളില്‍ ദാരിദ്ര്യം 26.3 ശതമാനത്തില്‍ നിന്ന് 11.6 ശതമാനത്തിലേക്ക് എത്തി. നഗര മേഖലകളില്‍ ഇത് 14.2 ശതമാനത്തില്‍ നിന്ന് 6.3 ശതമാനത്തിലേക്കും എത്തി.
താരതമ്യേന കുറച്ച് കൃഷിഭൂമി ഉള്ള കര്‍ഷകര്‍ക്ക് വരുമാനത്തില്‍ 10 ശതമാനം വര്‍ദ്ധനവുണ്ടായി. എന്നാല്‍ വലിയ കൃഷിഭൂമി ഉടമകള്‍ക്ക് 2 ശതമാനം മാത്രമാണ് വരുമാന വര്‍ദ്ധനവുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

