കൊച്ചി: നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കള്ളക്കടത്തു നടത്തിയെന്ന കേസിലെ പ്രതി സ്വപ്‌ന സുരേഷിനു ജയില്‍മോചനമായില്ല.

ജാമ്യവ്യവസ്‌ഥകള്‍ നടപ്പാക്കിയെന്നു വ്യക്‌തമാക്കുന്ന ഉത്തരവും രേഖകളും തിരുവനന്തപുരം വനിതാ ജയിലില്‍ എത്തിക്കാതിരുന്നതാണു കാരണം. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലാണു സ്വപ്‌നയെ പാര്‍പ്പിച്ചിരിക്കുന്നത്‌.
25 ലക്ഷം രൂപയുടെ ബോണ്ടും രണ്ട്‌ ആള്‍ജാമ്യവുമാണ്‌ എന്‍.ഐ.എ. കേസില്‍ ജാമ്യമനുവദിച്ച ഹൈക്കോടതി ഉത്തരവിലെ പ്രധാന വ്യവസ്‌ഥകള്‍. കസ്‌റ്റംസ്‌, ഇ.ഡി. കേസുകളില്‍ സ്വപ്‌നയ്‌ക്കു നേരത്തെ ജാമ്യം കിട്ടിയെങ്കിലും വ്യവസ്‌ഥകള്‍ പാലിച്ച്‌ ഉത്തരവ്‌ നടപ്പാക്കിയിരുന്നില്ല.
കൊച്ചിയിലെ വിവിധ കോടതികളിലായി 28 ലക്ഷത്തോളം രൂപയാണു കെട്ടിവയ്‌ക്കേണ്ടത്‌. ഇത്രയും പണം ലഭ്യമാക്കാനുള്ള താമസമാണു പുറത്തിറങ്ങല്‍ വൈകിപ്പിക്കുന്നതെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്‌.
തിരുവനന്തപുരത്തെ കോടതികളിലുള്ള രണ്ടു കേസുകളിലെ ജാമ്യനടപടി പൂര്‍ത്തിയാക്കി. സ്വര്‍ണക്കടത്ത്‌, ഡോളര്‍ കടത്ത്‌, വ്യാജരേഖ ചമയ്‌ക്കല്‍ തുടങ്ങി ആറു കേസുകളിലാണ്‌ സ്വപ്‌ന റിമാന്‍ഡിലായത്‌.

prp

Leave a Reply

*