ചായ വിറ്റ് IAS നേടാന്‍ പരിശ്രമം; സംഗീതയ്ക്ക് പിന്തുണയുമായി കളക്ടറെത്തി

കൊച്ചി: ഐ.എ.എസ്. എന്ന സ്വപ്നം സാക്ഷാത്ക്കരിയ്ക്കുന്നതിനായി ചായ വിറ്റും ശ്രമം നടത്തുന്ന സംഗീത ചിന്നമുത്തുവിന് പ്രചോദനം നല്‍കാന്‍ ഒടുവില്‍ യഥാര്‍ത്ഥ ഐ.എ.എസ്. ഓഫീസറെത്തി. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍മാക്കാണ് സംഗീതയുടെ പരിശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായെത്തിയത്.

ജീവിത പ്രതിസന്ധികള്‍ക്കിടയിലും വലിയ സ്വപ്നങ്ങള്‍ കാണുന്ന സംഗീത മാതൃകയാണ്. സംഗീതയുടെ സ്വപ്ന സാക്ഷാത്ക്കാകാരത്തിനായി എന്തു സഹായവും ചെയ്യാമെന്ന് കളക്ടര്‍ അറിയിച്ചു. കളക്ടര്‍ നേരിട്ടെത്തിയതില്‍ സംഗീതയ്ക്കും നിറഞ്ഞ സന്തോഷം.

കലൂര്‍ സ്റ്റേഡിയത്തില്‍ പ്രഭാത നടത്തത്തിനും വ്യായാമം ചെയ്യാനുമായി എത്തുന്നവര്‍ക്ക് സുപരിചിതമാണ് ഈ എം.കോംകാരി. നല്ല ചൂടേറിയ ഹെര്‍ബല്‍ ടീയും സ്പെഷ്യല്‍ അടയും സംഗീതയുടെ മാസ്റ്റര്‍ പീസാണ്. പോണോത്ത് റോഡിലെ വീട്ടില്‍ പുലര്‍ച്ചെ അമ്മയോടൊപ്പം എഴുന്നേറ്റ് സ്പെഷ്യല്‍ അടയും ചായയും ഉണ്ടാക്കാന്‍ തുടങ്ങും. 6.30 ഓടെ കലൂര്‍ സ്റ്റേഡിയത്തിന് പിറകിലുള്ള റോഡില്‍ ചൂട് ചായയും സ്പെഷ്യല്‍ അടകളുമായി എത്തും. ഒന്‍പതുമണി വരെയാണ് കച്ചവടം.

മാര്‍ച്ച്‌ ആദ്യത്തോടെയാണ് സ്റ്റേഡിയത്തിന് പിറകിലുള്ള റോഡില്‍ ചായ വില്പന തുടങ്ങിയത്. ആദ്യം തന്റെ സ്കൂട്ടറിലായിരുന്നു ചായ വില്പന നടത്തിയിരുന്നത്. പിന്നീട് കച്ചവടം ചെറിയൊരു ഉന്തുവണ്ടിയിലേക്ക് മാറ്റി. പാലും പഞ്ചസാര ഉപയോഗിക്കാതെ കരിപ്പെട്ടിയും ചുക്കും മറ്റ് ഔഷധക്കൂട്ടുകളുമെല്ലാം ചേര്‍ത്ത ഹെര്‍ബല്‍ ടീയാണ് വില്പന നടത്തുന്നത്. ഇതില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം പഠനമടക്കമുള്ള സ്വന്തം ആവശ്യങ്ങള്‍ക്കെടുക്കും. അതോടൊപ്പം കുടുംബത്തിനും സഹായം ചെയ്യും.

തമിഴ്നാട്ടിലെ കമ്ബത്തു നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സംഗീതയുടെ അച്ഛന്‍ ചിന്നമുത്തു കൊച്ചിയിലെത്തിയത്. സംഗീത ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം കൊച്ചിയിലാണ്. ഇസ്തിരി പണിക്കാരനായ ചിന്നമുത്തുവിന്റെയും സിംഗലി അമ്മാളിന്റെയും രണ്ട് മക്കളില്‍ ഇളയവളാണ് സംഗീത. കുട്ടിക്കാലം മുതലുള്ളതാണ് സംഗീതയുടെ ഐ.എ.എസ്. നേടുകയെന്ന സ്വപ്നം. ബി കോമിന് ശേഷം ഇഗ്നോ വഴിയാണ് എം കോം ചെയ്തത്.

എം.കോം പഠന സമയത്ത് കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നു. ആ പണം കൊണ്ടാണ് വാഹനം വാങ്ങിയത്. പിന്നീട് ഐ.എ.എസ്. ലക്ഷ്യം വെച്ച്‌ ജോലി നിര്‍ത്തി. പക്ഷേ അപ്പോഴേക്കും പഠനത്തിനും പുസ്തകങ്ങളും മറ്റും വാങ്ങുന്നതിനും അച്ഛന്റെ പക്കല്‍ നിന്നും പണം വാങ്ങണമല്ലോ എന്ന് ആലോചിച്ചപ്പോഴാണ് ചായ കച്ചവടം തുടങ്ങിയാലോ എന്ന ആലോചന വന്നതെന്ന് സംഗീത പറയുന്നു.

ആദ്യം അച്ഛന്‍ എതിര്‍പ്പ് പറഞ്ഞിരുന്നെങ്കിലും അമ്മ എല്ലാ പിന്തുണയും നല്‍കി കൂടെ നില്‍ക്കുകയായിരുന്നു. അമ്മ സഹായിക്കാമെന്ന് പറഞ്ഞതോടെ അച്ഛനും സമ്മതം മൂളി. വലിയൊരു കട തുടങ്ങണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അതിനുള്ള സാമ്ബത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ആദ്യം വണ്ടിയിലും ഇപ്പോള്‍ ഉന്തുവണ്ടിയിലുമായി തുടങ്ങിയത്.

കച്ചവടമായാലും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതിയാണ് ഹെര്‍ബല്‍ ടീയും അടയും കച്ചവടം തുടങ്ങിയത്. ഇത് രണ്ടും ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ചെലവും കുറവാണ്. മഴയില്ലാത്ത ദിവസങ്ങളില്‍ കച്ചവടമുണ്ടാകും. എം കോം പഠനത്തിന് ശേഷം വീട്ടില്‍ തന്നെയാണ് ഉള്ളത്. സുഹൃത്തുക്കളുടെ സഹായത്തോടെ വീട്ടില്‍ സ്വന്തമായാണ് സംഗീതയുടെ പഠനം ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

prp

Leave a Reply

*