അമേരിക്കയിലെ ഡളാസില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ പോലീസ് വെടിവെപ്പ് നടത്തിയതിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം. പ്രതിഷേധത്തിനിടെ അക്രമാസക്തരായ പ്രതിഷേധക്കാരും പോലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ആക്രമണകാരികളിലൊരാള്‍ ഒരു കെട്ടിടത്തിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ ഒളിച്ചിരിക്കുകയാണ്. ഇയാളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

മനിസോട്ട, ലൂസിയാന എന്നിവിടങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കു നേരെ നടന്ന പോലീസ് വെടിവെപ്പിനെതിരെ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടയിലാണ് പ്രതിഷേധക്കാരും പോലീസും തമ്മില്‍ വെടിവെപ്പുണ്ടായത്. ഒളിയിടങ്ങളില്‍നിന്ന് പോലീസിനു നേരെയാണ് അദ്യം വെടിവയ്പ്പുണ്ടായതെന്ന് സിറ്റി പോലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് തിരിച്ചും വെടിവെച്ചു. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 8.45 ഓടെയായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം, ഫിലാന്‍ഡോ കാസില്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരനെയും, അടുത്ത ദിവസം മറ്റൊരിടത്ത് സമാനമായ രീതിയില്‍ അല്‍ട്ടണ്‍ സ്‌റ്റെര്‍ലിംഗ് എന്നയാളെയും പോലീസ് വെടിവെച്ചിരുന്നു. ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കെതിരായി വലിയ പ്രതിഷേധമാണ് പലയിടങ്ങളിലും ഉയര്‍ന്നുവന്നിരുന്നത്.

