ന്യൂഡല്‍ഹി: 28 ദിവസം കാലാവധിയുള്ള മൊബൈല്‍ പ്ലാനുകള്‍ ടെലികോം കമ്ബനികള്‍ അവസാനിപ്പിച്ചു എന്ന നിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം ഉയര്‍ന്നത്.
28 ദിവസത്തെ പ്ലാനുകള്‍ 30 ദിവസമാക്കി മാറ്റി എന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായെങ്കിലും വസ്തുത ഇതല്ല.
മൊബൈല്‍ റിച്ചാര്‍ജ് പ്ലാനുകള്‍ സംബന്ധിച്ച് പുതിയ നിയമ ഭേദഗതി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എല്ലാ ടെലികോം കമ്ബനികളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, ഒരു പ്രത്യേക താരിഫ് വൗച്ചര്‍ എന്നിവയെങ്കിലും 30 ദിവസത്തെ വാലിഡിറ്റിയുള്ളത് നല്‍കണം എന്നാണ് ട്രായിയുടെ ഭേദഗതിയില്‍ പറയുന്നത്.
ചാര്‍ജ് ചെയ്തതിന്റെ അടുത്ത മാസം അതേ തിയതിയിലോ മാസത്തിന്റെ അവസാന തിയതിയിലോ റീച്ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള പ്ലാന്‍ വൗച്ചര്‍, പ്രത്യേക താരിഫ് വൗച്ചര്‍, കോംബോ വൗച്ചര്‍ പ്ലാനുകള്‍ നല്‍കാനും പുതിയ നിയമ ഭേദഗതിയില്‍ പറയുന്നു. ഉത്തരവിനെ തുടര്‍ന്ന് ജിയോ 259 രൂപയുടെ 30 ദിവസം കാലാവധിയുള്ള പ്രീപെയ്ഡ് പ്ലാന്‍ കൊണ്ടുവന്നു.

