ന്യുഡല്‍ഹി: രാജ്യത്തെ ലജ്ജിപ്പിക്കുന്ന ബാലപീഡനങ്ങള്‍ക്ക് അറുതിയില്ല. രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് ബാലികമാര്‍ കൂടി പീഡനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ ഇറ്റയിലും ബുധനാഴ്ച ഛത്തീസ്ഗഡിലെ കബീര്‍ധമിലുമാണ് ക്രൂരതകള്‍ അരങ്ങേറിയത്.
ഉത്തര്‍പ്രദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ 9 വയസ്സുകാരിെയയാണ് ബലാല്‍സംഗം ചെയ്തുകൊന്നത്. മൂന്ന് ദിവസം മുന്‍പ് വിവാഹ സല്‍ക്കാരത്തിനിടെ ഏഴുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്തുകൊന്ന എത്തയില്‍ തന്നെയാണ് വീണ്ടും പൈശാചികമായ കൊല അരങ്ങേറിയത്.
പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ 25കാരനായ പിന്‍റു കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചടങ്ങിന് ഭക്ഷണം തയ്യാറാക്കാനെത്തിയ സംഘത്തിലെ പാചകക്കാരനായ പിന്റു ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിന്റെ് ടെറസിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതോടെ ബന്ധുക്കളെയും കൂട്ടി തെരച്ചില്‍ നടത്തി. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഛത്തീസ്ഗഡിലെ കബീര്‍ധമില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 10 വയസ്സുകാരിയെ 25വയസ്സുകാരന്‍ മാനഭംഗപ്പെടുത്തിയ ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വരന്‍റെ സുഹൃത്തും പെണ്‍കുട്ടിയുടെ ബന്ധുവുമാണ് കൊലയാളി.
ഉന്നാവോ പീഡനത്തെ തുടര്‍ന്ന് യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നതിനു പിന്നാലെയാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന ബാലപീഡനങ്ങളും അരങ്ങേറുന്നത്.

