രാജ്യത്തിന്റെ പോക്ക് അപകടത്തിലേക്ക്, ദിവസം ഒരു ലക്ഷം രോഗികള്‍ വരെ ഉണ്ടായേക്കാം, യു.എസിന് മുന്നറിയിപ്പുമായി ആന്റണി ഫൗചി

ന്യൂയോര്‍ക്ക് : കൊറോണ വൈറസിനെതിരെ യു.എസ് സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും നിലപാടുകള്‍ക്ക് മാറ്റം വരുത്തിയില്ലെങ്കില്‍ ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകള്‍ ഇനിയും ഇരട്ടിയാകുമെന്നും പ്രശസ്ത അമേരിക്കന്‍ സാംക്രമിക രോഗ വിദഗ്ദനായ ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്. രാജ്യത്ത് ബാറുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യാതൊരു സാമൂഹ്യ അകലമോ മുന്‍കരുതലുകളോ പാലിക്കാതെയാണ് ജനങ്ങള്‍ ഒത്തുകൂടുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ദിനംപ്രതി 100,000 ത്തോളം കൊവിഡ് 19 രോഗികള്‍ അമേരിക്കയിലുണ്ടാകുമെന്നാണ് ഫൗചി പറയുന്നത്. നിലവില്‍ 40,000 ത്തോളം പേര്‍ക്കാണ് അമേരിക്കയില്‍ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ തെക്ക്, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിച്ചു വരികയാണ്. ആശുപത്രികളില്‍ പലതും നിറഞ്ഞു കവിയാറായി. ഫ്ലോറിഡയില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണവും വെന്റിലേറ്ററിന്റെ ഉപയോഗവും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഹൂസ്റ്റണിലെ ആശിപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ഏകദേശം 97 ശതമാനവും നിറഞ്ഞ് കഴിഞ്ഞു. താന്‍ വളരെ ആശങ്കാകുലനാണെന്നും രാജ്യത്തിന്റെ പോക്ക് തെറ്റായ മാര്‍ഗത്തിലൂടെയാണെന്നും ഫൗചി ഓര്‍മിപ്പിച്ചു. രാജ്യത്ത് ജീവന്‍ നഷ്ടമാകാന്‍ പോകുന്നവരുടെ കണക്ക് വളരെ അസ്വസ്തകള്‍ സൃഷ്ടിക്കുമെന്നും ഫൗചി മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ യു.എസില്‍ രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ ന്യൂയോര്‍ക്കും തൊട്ടുപിന്നില്‍ കാലിഫോര്‍ണിയയുമാണ്. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കാലിഫോര്‍ണിയയിലും ടെക്സസിലും രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം വൈറസ് നിയന്ത്രണത്തിനുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ടെക്സസില്‍ ബാറുകള്‍ അടച്ചു. കാലിഫോര്‍ണിയയില്‍ മാസ്ക് കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ബാര്‍, ജിം, തിയേറ്റര്‍ എന്നിവയുടെ പ്രവര്‍ത്തനം അരിസോണ സംസ്ഥാനത്തും നിറുത്തി വച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തില്‍ 5.6 ശതമാനം വര്‍ദ്ധനവുണ്ടായ ഫ്ലോറിഡയില്‍ ബാറുകളില്‍ ആല്‍ക്കഹോളിന്റെ നിയന്ത്രണം നിരോധിച്ചതും അടുത്തിടെയാണ്. അതേ സമയം, ആദ്യം അമേരിക്കയിലെ ഹോട്ട്സ്പോട്ടുകളായിരുന്ന ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളില്‍ കൊവിഡ് മരണ നിരക്കില്‍ കുറവുണ്ടായിട്ടുണ്ട്.

നിലവില്‍ യു.എസില്‍ 2.6 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 126,000 ത്തിലേറെ പേര്‍ മരിച്ചു.

നിരവധി മരുന്നു നിര്‍മാണ കമ്ബനികളാണ് അമേരിക്കയില്‍ കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള പോരാട്ടത്തില്‍ കൈകോര്‍ത്തിട്ടുള്ളത്. അടുത്ത വര്‍ഷം ആദ്യത്തോടെ കൊവിഡ് 19 വാക്സിന്‍ രാജ്യത്ത് ലഭ്യമാകുമെന്ന് ആന്റണി ഫൗചി പറയുന്നു. എന്നാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ വികസിപ്പിച്ചെടുക്കുന്നതിനാല്‍ വാക്സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില്‍ ഉറപ്പ് പറയാനാകില്ലെന്നും ഫൗചി ചൂണ്ടിക്കാട്ടി.

prp

Leave a Reply

*