ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി ദര്‍ശനം നടത്തിയത് പത്ത് യുവതികള്‍

പത്തനംതിട്ട: സംസ്ഥാനത്ത് വനിതാമതില്‍ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതായി ഉന്നത പൊലീസ് വൃത്തങ്ങള്‍. ശബരിമലയില്‍ അടുത്ത ദിവസങ്ങളിലായി പത്ത് യുവതികള്‍ ദര്‍ശനം നടത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കന്‍ യുവതി ഉള്‍പ്പെടെയാണ് പത്തുപേര്‍ ദര്‍ശനം നടത്തിയത്. അതേസമയം, ഇക്കാര്യങ്ങളില്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഇവര്‍ ഇതുവരെ തയ്യാറായിട്ടില്ല.

വിദേശത്ത് നിന്നെത്തിയ സംഘത്തിലുള്‍പ്പെട്ട, 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സുപ്രീംകോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

മൂന്നു ദിവസം മുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യന്‍ സംഘത്തില്‍ മൂന്നു യുവതികള്‍ ദര്‍ശനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. യുവതികള്‍ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സര്‍ക്കാരിനും പൊലീസിലെ ഉന്നതര്‍ക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവര്‍ക്കു പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ സംഘങ്ങള്‍ക്കൊപ്പവും 50 വയസ്സില്‍ താഴെയുള്ള വനിതകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

മുഖ്യമന്ത്രി ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിലുള്‍പ്പെടെ ശ്രീലങ്കന്‍ യുവതി ശബരിമല ദര്‍ശനം നടത്തിയത് സ്ഥിരീകരിച്ചിരുന്നു. ഹര്‍ത്താലനുകൂലികളെ പരിഹസിച്ച് കൂടുതല്‍ സ്ത്രീകള്‍ ശബരിമല കയറുന്നതിനെ സര്‍ക്കാര്‍ അനുകൂലിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ബിന്ദുവും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയശേഷമാണ് കൂടുതല്‍ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സര്‍ക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം.

prp

Related posts

Leave a Reply

*