ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് സമരം നടത്തുന്ന കര്‍ഷകരുമായി ഇനിയും ചര്‍ച്ച നടത്തണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്. ബിജെപി ഭാരവാഹികളുടെ യോഗത്തിലാണ് കേന്ദ്രമാന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ കാര്‍ഷിക വിപണന നിയമങ്ങളില്‍ അസ്വസ്ഥരായ കര്‍ഷകരുടെ ഏത് പ്രശ്‌നവും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് ബിജെപിയുടെ തീരുമാനം, ഒരു കാരണവശാലും താങ്ങുവില ഇല്ലാതാകുന്നില്ല. ഞങ്ങള്‍ എല്ലാവരും കര്‍ഷകരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കാര്‍ഷിക താല്‍പ്പര്യത്തിന് ആവശ്യമായ എന്തും ഭേദഗതികള്‍ക്കും പരിഹാരങ്ങള്‍ക്കും ഞങ്ങള്‍ തയ്യാറാണ്,” രാജ്നാഥ് സിങ്.
ഭാരതീയ ജനതാ പാര്‍ട്ടിയിലെ താഴെത്തട്ടിലുള്ള തൊഴിലാളികളുടെ പങ്ക് അദ്ദേഹം എടുത്തുപറഞ്ഞ രാജ്നാഥ് സിങ് ഇത് അധികാരം നേടാന്‍ ലക്ഷ്യമിടുന്ന ഒരു ജനക്കൂട്ടമല്ലെന്നും മറിച്ച് രാഷ്ട്രീയ കാഴ്ചപ്പാടുള്ള സജീവമായ പാര്‍ട്ടിയാണെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വഴിതുറക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. കര്‍ഷകര്‍ എപ്പോഴും ചര്‍ച്ചയ്ക്കു തയ്യാറായിരുന്നു. ഇപ്പോഴുള്ള തടസ്സങ്ങള്‍ സര്‍ക്കാര്‍ നീക്കണമെന്നും കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ദില്ലിയിലെ കൂടുതല്‍ അതിര്‍ത്തി മേഖലകളില്‍ ഉപരോധസമരം ആരംഭിക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു. സമരം അഞ്ച് മാസം പിന്നിടുമ്ബോള്‍ ദില്ലി- നോയിഡ അതിര്‍ത്തിയില്‍ ഉടന്‍ സമരം ആരംഭിക്കുമെന്നാണ് ബിജെയു നേതാവ് രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

