കൊച്ചി: ഗവര്‍ണര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വൈസ് ചാന്‍സലര്‍മാര്‍ നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയും പരിഗണനയ്ക്ക് വരുന്നുണ്ട്.
വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് പുറത്താക്കാതിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. യുജിസി നിയമങ്ങളും സര്‍വകലാശാല ചട്ടങ്ങളും പാലിച്ച് നടത്തിയ തങ്ങളുടെ നിയമനം റദ്ദാക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നാണ് വിസിമാരുടെ വാദം.
നോട്ടീസില്‍ മറുപടി നല്കാന് ഹൈക്കോടതി അനുവദിച്ച സമയ പരിധി ഇന്നലെ വൈകീട്ട് അവസാനിച്ചിരുന്നു. നോട്ടീസ് കൈപ്പറ്റിയ എല്ലാ വിസിമാരും ഗവര്‍ണറുടെ ഓഫീസിന് മറുപടി കൈമാറായിയിട്ടുണ്ട്. ഇക്കാര്യം ഗവര്‍ണറുടെ അഭിഭാഷകന് ഇന്ന് കോടതിയെ അറിയിക്കും. വൈസ് ചാന്‍സലര്‍മാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചതിന്റെ സാഹചര്യവും വിശദീകരിക്കും.
വിസിമാര്‍ക്ക് ഹിയറിങ് നടത്തിയ ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് ഗവര്‍ണറുടെ നീക്കം. യുജിസി മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് യോഗ്യതയുണ്ടെന്ന വിശദീകരണമാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചത്.
അതിനിടെ, കേരള സാങ്കേതിക സര്‍വകലാശാലയില്‍ താത്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവര്‍ണര്‍ നടത്തിയ നിയമനം സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും, റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി.

