പട്ന: ബിഹാര്‍ സ്വദേശിയായ യൂട്‌ഊബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദപ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് നടന്‍ നിയമ നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. റാഷിദ് സിദ്ദിഖി എന്ന യൂട്‌ഊബര്‍ക്കെതിരെയാണ് വക്കീല്‍ വഴി താരം നോട്ടിസ് നല്‍കിയത്.
റാഷിദിന്റെ വ്യാജ പ്രചരണങ്ങള്‍ തനിക്ക് മാനസികവിഷമം ഉണ്ടാക്കിയെന്നും ഇതുമൂലം ധനനഷ്ടവും മാനഹാനിയും സംഭവിച്ചുവെന്നും അക്ഷയ് നോട്ടിസില്‍ പറയുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണശേഷം കേസുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങള്‍ തെളിയിക്കുന്നത്. റാഷിദിന്റെ എഫ്‌എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും പരാതി നല്‍കി. അതേസമയം തനിക്കെതിരെ ബോളിവുഡ് താരങ്ങള്‍ പരാതിയുമായി എത്തിയതോടെ റാഷിദ് മുന്‍കൂര്‍ ജാമ്യം നേടി.
മഹേന്ദ്രസിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘എംഎസ് ധോണി; ദ് അണ്‍ടോള്‍ഡ് സ്റ്റോറി’യിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു റാഷിദ് സിദ്ദിഖിയുടെ ഒരു ആരോപണം. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യകൂടിക്കാഴ്ച നടത്താനും സുശാന്തിന്റെ കാമുകിയായിരുന്ന റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.
സുശാന്ത് സിംഗിന്റെ കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണങ്ങളിലൂടെ പണമുണ്ടാക്കാന്‍ നിരവധിപേര്‍ ശ്രമിച്ചുവെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

