അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ആലപ്പുഴ ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് നാടിനു സമര്‍പ്പിച്ചു. ജനങ്ങളുടെ അരനൂറ്റാണ്ടുകാലത്തെ സ്വപ്‌നമാണ് സഫലമായത്.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് നിതിന്‍ ഗഡ്ഗരി പറഞ്ഞു. വാഹനാപകടങ്ങളാണ് രാജ്യത്തെ പ്രധാന പ്രശ്‌നങ്ങളിലൊന്നെന്നും അതിനാല്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണ് ആലപ്പുഴ ബൈപ്പാസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അരനൂറ്റാണ്ട് കാത്തിരുന്ന പദ്ധതി പൂര്‍ത്തിയായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അഭിമാനം പകരുന്ന പദ്ധതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഹനാപകടങ്ങള്‍ 50 ശതമാനം കുറയ്ക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ അഭ്യര്‍ത്ഥനക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. അതിനു കേന്ദ്രവുമായി വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആലപ്പുഴ ബൈപ്പാസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത് 70 കളിലാണ്. അന്നത്തെ ബജറ്റ് 17 കോടിയായിരുന്നു. നിലവില്‍ 348 കോടി മുടക്കിയാണ് ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയായത്. നിര്‍മ്മാണം പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയായത്.

prp

Leave a Reply

*