വ്യത്യസ്ത മേക്കോവറുമായി മമ്മൂക്ക; ‘യാത്ര’ കേരളത്തിലും മിന്നിക്കും

വ്യത്യസ്ത പ്രമേയം പറയുന്നതും മാസ് എന്‍റര്‍ടെയ്‌നറുകളുമായ നിരവധി സിനിമകള്‍ മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ തെലുങ്കില്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ‘യാത്ര’.  ചിത്രീകരണം പൂര്‍ത്തിയായ യാത്ര നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.

ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററിനുമെല്ലാം തന്നെ മികച്ച വരവേല്‍പ്പ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ഡിസംബര്‍ 21നാണ് മമ്മൂക്കയുടെ യാത്ര തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്‍റെ കേരളാ വിതരണാവകാശം വിറ്റുപോയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവചരിത്ര സിനിമയാണ് യാത്ര. 1999 മുതല്‍ 2004 വരെയുളള വൈഎസ് ആറിന്‍റെ ജീവിത കഥയാണ് ഈ ബയോപിക്കിലൂടെ അവതരിപ്പിക്കുന്നത്. ആന്ധ്രാ പ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004ല്‍ അദ്ദേഹം നടത്തിയ 1475 കിലോമീറ്ററോളം നീണ്ട പദയാത്രയും ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സിനിമ മഹി വി രാഘവാണ് സംവിധാനം ചെയ്തിരിക്കുന്നത്.

മമ്മൂക്കയുടെ കരിയറിലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രം തന്നെയാണ് യാത്രയിലേതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൈഎസ് ആറായുളള നടന്‍റെ മേക്ക് ഓവറിന് മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. കൂടാതെ ടീസറിലെ മമ്മൂക്കയുടെ തെലുങ്ക് ഡയലോഗുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. വൈഎസ് ആറുമായി രൂപസാദൃശ്യം ഒന്നുമില്ലെങ്കിലും അഭിനയം കൊണ്ട് ജനകീയ നേതാവിനെ മമ്മൂക്കയ്ക്ക് അനശ്വരമാക്കാനാവും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

 

തെലുങ്കിനൊപ്പം തമിഴ് പതിപ്പും തെലുങ്കില്‍ ചിത്രീകരിച്ച സിനിമ തമിഴിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ചിത്രത്തിന്‍റെ മലയാളം പതിപ്പും പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇപ്പോള്‍ തമിഴ് മാത്രമായിരിക്കും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തുകയെന്നാണ് അറിയുന്നത്. വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നും അറിയുന്നു. വിജയ് ചില്ല, ശശി, ദേവി റെഡ്ഡി തുടങ്ങിയവര്‍ ചേര്‍ന്നാണ് മമ്മൂക്കയുടെ യാത്ര നിര്‍മ്മിച്ചിരിക്കുന്നത്.

കേരളത്തില്‍ ആന്‍റോ ജോസഫ് ഫിലിം കമ്പനിക്കാണ് സിനിമയുടെ വിതരണാവകാശം ലഭിച്ചിരിക്കുന്നത്. യാത്രയുടെ തമിഴ് പതിപ്പ് വമ്പന്‍ റിലീസായി കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്‍റെ ആഗോള വിപണികളിലെ വിതരണാവകാശം യുഎഇ ആസ്ഥാനമായ ഫാര്‍സ് ഫിലിം കമ്പനി 5കോടിക്കടുത്തുളള തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. 70എംഎം എന്‍റര്‍ടെയ്ന്‍മെന്‍റ്സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ചിത്രത്തില്‍ വൈഎസ്ആറിന്‍റെ ഭാര്യ വിജയലക്ഷ്മിയായി എത്തുന്നത് ആശ്രിത വെമുഗന്തിയാണ്. ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടിക്കൊപ്പം എത്തിയ താരമാണ് ആശ്രിത. സുഹാസിനി, മണിരത്‌നം, ഭൂമിക ചൌള തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

Related posts

Leave a Reply

*