കോട്ടയം: മുട്ടമ്ബലം ലെവല്‍ക്രോസിനും കോട്ടയം സ്റ്റേഷനും മധ്യേ യാത്രക്കാരെ അല്‍പ്പനേരം ഇരുട്ടിലാക്കുന്ന തുരങ്കയാത്ര ഇനി ഓര്മ.
കോട്ടയം റെയില്‍വേസ്റ്റേഷന്റെ മുഖമുദ്രയായിരുന്ന ഇരട്ടത്തുരങ്കങ്ങളിലൂടെയുള്ള ട്രെയിനുകളുടെ ഓട്ടം 26-ന് അവസാനിക്കും. അന്ന് വൈകീട്ടോടെ രണ്ട് തുരങ്കങ്ങളും ഒഴിവാക്കി പുതിയ ട്രാക്കിലൂടെയാകും ട്രെയിനുകള്‍ സര്‍വീസ് നടത്തുക.
മുട്ടമ്ബലത്ത് പഴയ ട്രാക്ക് മുറിച്ച് പുതിയ പാതയിലേക്ക് ഘടിപ്പിക്കുന്ന ജോലികള്‍ 26-ന് രാവിലെ തുടങ്ങും. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചൊവ്വാഴ്ച തുടങ്ങി. പത്തുമണിക്കൂര്‍ നീളുന്ന ജോലിയാണിത്. 26-ന് വൈകീട്ടോടെ ട്രെയിന്‍ ഓട്ടം പുതിയ പാതയിലൂടെയാകും. കോട്ടയം സ്റ്റേഷന്‍മുതല്‍ മുട്ടമ്ബലം വരെ രണ്ട് പുതിയ പാതകളാണ് നിര്‍മിച്ചിരിക്കുന്നത്. പണി നടക്കുന്നതിനാല്‍ പകല്‍ കോട്ടയം വഴി ഇപ്പോള്‍ ട്രെയിനുകള്‍ ഓടുന്നില്ല. വൈകീട്ടു മുതലുള്ള സര്‍വീസുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
റബ്ബര്‍ബോര്‍ഡ് ഓഫീസിനു സമീപവും പ്ലാന്റേഷന് ഓഫീസിനു സമീപവുമാണ് തുരങ്കങ്ങളുള്ളത്. തുരങ്കങ്ങള്‍ക്ക് സമീപം മറ്റൊരു തുരങ്കംകൂടി നിര്‍മിച്ച് ഇരട്ടപ്പാതയൊരുക്കാനായിരുന്നു ആദ്യം ശ്രമിച്ചത്. ഇവിടെ മണ്ണിന് ഉറപ്പ് കുറവായതിനാലാണ് പുറത്ത് രണ്ട് പുതിയ പാതകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്.
റബ്ബര്‍ബോര്‍ഡിനു സമീപത്തെ തുരങ്കത്തിന് 84 മീറ്റര്‍ നീളവും പ്ലാന്റേഷന് ഭാഗത്തുള്ളതിന് 67 മീറ്റര്‍ നീളവുമാണുള്ളത്. 1957-ലാണ് തുരങ്കങ്ങള്‍ പണിതത്. അന്ന് റെയില്‍വേ അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന മെട്രോമാന് ഇ.ശ്രീധരനും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു.
തുരങ്കത്തിന്റെ ഭിത്തി നിര്‍മിക്കുമ്ബോള്‍ മണ്ണിടിഞ്ഞുവീണ് ആറു തൊഴിലാളികള്‍ക്ക് ജീവന് നഷ്ടമായിരുന്നു. 30 അടിയോളം ഉയരത്തില്‍നിന്ന് മണ്ണും കല്ലുകളും ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. 1957 ഒക്ടോബര്‍ 20- നായിരുന്നു അത്. കെ.കെ.ഗോപാലന്, കെ.എസ്. പരമേശ്വരന്, വി.കെ. കുഞ്ഞുകുഞ്ഞ്, കൃഷ്ണന് ആചാരി, കെ.രാഘവന്, ആര്.ബാലന് എന്നിവരാണ് മരിച്ചത്.
ഇവരുടെ പേരുകളും അപകടം നടന്ന ദിവസവും രേഖപ്പെടുത്തി മേല്‍പ്പാലത്തോടു ചേര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്തൂപവും സ്ഥാപിച്ചിരുന്നു. പ്ലാന്റേഷന് കോര്‍പ്പറേഷനു സമീപം പുതിയ പാലം നിര്‍മിച്ചപ്പോള്‍ സ്തൂപം ഇവിടെനിന്ന് നീക്കി.

