മനുഷ്യരാശിക്ക് വന്‍നാശം വിതച്ച് തേരോട്ടം നടത്തുന്ന സാംക്രമികരോഗങ്ങളെയാണ് മഹാമാരിയായി വിശേഷിപ്പിച്ചുവരുന്നത്. മഹാമാരികള്‍ (പാന്‍ഡെമിക്) രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് വ്യാപിക്കുകയും നിരവധി പേരിലേക്ക് ഒരേസമയം പടര്‍ന്നുപിടിക്കുകയും ചെയ്യുന്നു. രോഗം ബാധിച്ചവരുടെ എണ്ണമോ അതുമൂലമുണ്ടാകുന്ന മരണമോ മഹാമാരി പ്രഖ്യാപനത്തിന് മാനദണ്ഡമാകാറില്ല.
പകര്‍ച്ചവ്യാധി സൃഷ്ടിക്കുന്ന ഭീഷണി ആധാരമാക്കിയാണ് അതിനെ ആ ഗണത്തില്‍പെടുത്തുന്നത്. അര്‍ബുദം ലോകവ്യാപകമായി നിരവധിപേരുടെ മരണത്തിന് കാരണമാകുന്നുണ്ടെങ്കിലും അത് പകര്‍ച്ചവ്യാധിയല്ലാത്തതിനാല്‍ മഹാമാരിയല്ല. നോവല്‍ കൊറോണ വൈറസ് ബാധയിലൂടെയുണ്ടാകുന്ന കോവിഡ് -19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മനുഷ്യചരിത്രത്തെ പിടിച്ചുലച്ച മറ്റു ചില മഹാമാരികളിലൂടെ…
എച്ച്.െഎ.വി/ എയിഡ്സ്
32 ദശലക്ഷത്തോളം പേരുടെ ജീവനെടുത്ത മഹാമാരി. 1981ല്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തശേഷം 75 ദശലക്ഷംപേര്ക്കാണ് വൈറസ് ബാധയുണ്ടായത്. 2018ലെ കണക്കനുസരിച്ച് ഏകദേശം 37.9 ദശലക്ഷത്തോളംപേര്‍ എയ്ഡ്സ് ബാധിതരായുണ്ട്.
ഇന്‍ഫ്ലുവന്‍സ(എച്ച്1എന്‍1)
പുതിയ ഇന്‍ഫ്ലുവന്‍സ വൈറസ് ലോകമാകെ പരത്തിയ മാരക പകര്‍ച്ചവ്യാധി. നേരത്തേ കണ്ടെത്താന്‍ പ്രയാസം. ചിലരില്‍ മാത്രം മാരകമാവുകയും മരണം സംഭവിക്കുകയും ചെയ്യും. 2009ല്‍ ഇന്‍ഫ്ലുവന്‍സ എ വൈറസ് പരത്തിയ എച്ച്1എന്‍1 പനിയാണ് അവസാനമുണ്ടായത്. 2009ല്‍തന്നെ ലക്ഷത്തിനും നാല് ലക്ഷത്തിനുമിടയിലാളുകള് മരിച്ചു. 1918-20ല്‍ സ്പാനിഷ് ഫ്ലൂ എന്ന പേരിലും ഇതേ മഹാമാരി പടര്‍ന്നിരുന്നു.
കോളറ
കഴിഞ്ഞ 200 വര്‍ഷത്തിനിടെ ഏഴ് പ്രാവശ്യമാണ് കോളറ ലോകത്തെ ഗ്രസിച്ചത്. ഒാരോ വര്‍ഷവും 1.3-4.0 ദശലക്ഷം കേസുകള്‍ ഇപ്പോഴും ഉണ്ടാകുന്നു. 21,000-1,43,000 പേര് പ്രതിവര്‍ഷം മരിക്കുന്നു. മലിനമായ വെള്ളവും ഭക്ഷണവും വഴി ഉള്ളിലെത്തുന്ന ബാക്ടീരിയയാണ് രോഗകാരണം. രോഗലക്ഷണം പ്രത്യക്ഷപ്പെടാന്‍ 12 മണിക്കൂര്‍ മുതല്‍ അഞ്ചുദിവസം വരെയെടുക്കും.
പ്ലേഗ്
1347-1351 കാലഘട്ടത്തില്‍ യൂറോപ്പിലും ഏഷ്യയിലുമായി 75-200 ദശലക്ഷംപേരുടെ മരണത്തിന് കാരണമായ പകര്‍ച്ചവ്യാധി. ചെറിയ ജീവികളിലും അതിലുണ്ടാകുന്ന ചെള്ളുകളിലും കാണുന്ന ബാക്ടീരിയയാണ് രോഗകാരി. യൂേറാപ്പില്‍ മാത്രം പ്ലേഗ് ബാധിച്ച് 50 ദശലക്ഷത്തോളംപേര്‍ മരിച്ചിട്ടുണ്ട്. 2010-15 കാലയളവില്‍ 3,248 പേര്‍ക്കാണ് പ്ലേഗുണ്ടായത്. ഇതില്‍ 584 പേര് മരിച്ചു. 1960 വരെ പ്ലേഗ് മഹാമാരിയായി തുടര്‍ന്നു. പ്ലേഗ് മരണങ്ങള്‍ക്ക് ബ്ലാക്ക് ഡെത്ത് അഥവാ കറുത്തമരണം എന്നും വിശേഷണമുണ്ട്.
വസൂരി
18ാം നൂറ്റാണ്ടില്‍ മരണം താണ്ഡവമാടിയ സാംക്രമിക രോഗം. വൈറസ് പടരുന്നത് വായുവിലൂടെ. 20ാം നൂറ്റാണ്ടില്‍ 300 ദശലക്ഷംപേരുടെ ജീവനപഹരിച്ചു. സ്മോള്‍പോക്സ് എന്നറിയപ്പെടുന്ന വസൂരി ചിക്കന്‍പോക്സായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാല്‍, ചിക്കന്‍പോക്സ് പരത്തുന്ന വൈറസല്ല വസൂരിക്ക് കാരണമാകുന്നത്.

