ലക്ഷ്യം ലോക ബാങ്ക്: ഐഐടിയില്‍നിന്ന് പബ്ലിക് പോളിസിയിലേക്ക്, ശോഭയുടെ മകന് വിളി വന്നത് ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന്
പാലക്കാട്: ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത് ഹരിലാല്‍ കൃഷ്ണ എന്ന വിദ്യാര്‍ത്ഥിയുടെ നേട്ടങ്ങളാണ്.
ഹരിലാല്‍ മറ്റാരുമല്ല, ബിജെപി സംസ്ഥാന നേതാവ് ശോഭാ സുരേന്ദ്രന്റെ മകനാണ്. മകന്റെ നേട്ടം സംബന്ധിച്ച് ശോഭാ സുരേന്ദ്രന് തന്നെ രാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കെമിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഐഐടി ഡല്‍ഹിയില്‍നിന്നു ബിടെക്-എംടെക് ഡ്യുവല്‍ ഡിഗ്രി എടുത്ത ഹരിലാല്‍ കൃഷ്ണ തുടര്‍ന്ന് പഠിക്കാന്‍ തിരഞ്ഞെടുത്ത മേഖല പബ്ലിക് പോളിസിയാണ്.
അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് വിളിവന്നത് ലോകത്തെ തന്നെ എണ്ണപ്പെട്ട സര്‍വകലാശാലകളില്‍ നിന്നാണ്. കാലിഫോര്‍ണിയ ബെര്ക്ലി, ഷിക്കാഗോ, ഐവി ലീഗില്‍ ഉള്‍പ്പെടുന്ന കൊളംബിയ എന്നിവിടങ്ങളില്‍നിന്ന് ആണ് വിളി വന്നത്.
ഐഐടിയിലെ പഠനശേഷം 2020ല്‍ പ്ലേസ്മെന്റിന് ഇരുന്നില്ല. പകരം ഐഐടി ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് പബ്ലിക് പോളിസിയില്‍ സീനിയര്‍ പ്രോജക്ട് സയന്റിസ്റ്റായി. ഇതിനിടെ, ജര്‍മനിയിലെ പ്രമുഖ സര്‍വകലാശാലയായ ആര്‍ഡബ്ല്യുടിഎച്ച് ആകെനിലും ഗവേഷണം നടത്തി. ഇന്ത്യയിലെ ക്ലീന്‍ടെക് സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകളായിരുന്നു വിഷയം. പബ്ലിക് പോളിസിയില്‍ മാസ്റ്റേഴ്സ് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച നയപഠനങ്ങള്‍ക്കായിരുന്നു ഊന്നല്‍.
യുഎസ് സര്‍വകലാശാലകളില്‍ അപേക്ഷിക്കാനായി സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസും റെക്കമെന്‍ഡേഷന്‍ ലെറ്ററുകളും തയാറാക്കി. ജിആര്‍ഇ യോഗ്യതയ്ക്കായി സ്വയം പഠിച്ച് 340ല്‍ 335 എന്ന മികച്ച സ്കോറും നേടി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ-ബെര്‍ക്ലിയില്‍ ചേരാനാണു ഹരിലാലിന്റെ തീരുമാനം. കേരള എന്ട്രന്സില് 43-ാം റാങ്ക് ലഭിച്ചിരുന്നു. എന്നാല്‍ ജെഇഇ-അഡ്വാന്സ്ഡിലും മികച്ച റാങ്ക് ലഭിച്ചതിനാല്‍ ഐഐടി ഡല്‍ഹിയില്‍ ചേരുകയായിരുന്നു.

