വാക്‌സിന്‍ എടുക്കാത്തവര്‍ 1707, ഏറ്റവും കൂടുതല്‍ ആളുകള്‍ മലപ്പുറത്ത്; അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെ കണക്കുകള്‍ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

അദ്ധ്യാപകരും അനദ്ധ്യാപകരുമായി 1707 പേരാണ് വാക്‌സിനെടുക്കാത്തത്. ഇതില്‍ 1066 പേര്‍ എല്‍. പി, യു പി, ഹൈസ്‌കൂളുകളില്‍ നിന്നുള്ളവരാണ്.

ഹയര്‍സെക്കന്ററിയില്‍ 200 അദ്ധ്യാപകരും 23 അനദ്ധ്യാപകരും ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വി എച്ച്‌ എസ് ഇയില്‍ 229 അദ്ധ്യാപകരാണ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളത്.

മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേര്‍(201) വാക്‌സിന്‍ എടുക്കാനുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ്. ജില്ലയില്‍ അദ്ധ്യാപകരും അനദ്ധ്യാപകരുമായി 29 പേര്‍ മാത്രമാണ് ഇനി വാക്‌സിന്‍ എടുക്കാനുള്ളത്.

‘അദ്ധ്യാപകരുടെ പേരുകള്‍ പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ല. സമൂഹം അറിയണമെന്ന് ഇന്നലെ പറഞ്ഞു. ഏതൊക്കെ അദ്ധ്യാപകനാണെന്ന് പറയുമെന്ന് പറഞ്ഞിട്ടില്ല. ഏതെങ്കിലും അദ്ധ്യാപകനെ മാനസികമായി പീഡിപ്പിക്കാനൊന്നുമല്ലല്ലോ. കാര്യങ്ങള്‍ നടന്നുപോകണം. നമ്മുടെ കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതിരിക്കണം അത്രേയുള്ളു. ഏതൊക്കെ സ്‌കൂളുകളിലൊണെന്നൊക്കെ ലിസ്റ്റുണ്ട്. വേണ്ട, അതൊന്നും ഇപ്പോള്‍ വേണ്ട, വേണ്ടി വന്നാല്‍ പിന്നെ ആലോചിക്കാം.’-മന്ത്രി പറഞ്ഞു.

എല്ലാ അദ്ധ്യാപകരും അനദ്ധ്യാപകരും വാക്‌സിനെടുക്കണമെന്നും, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രഥമ പരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും, വാക്സിന്‍ എടുക്കാത്തവര്‍ എല്ലാ ആഴ്ചയും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലകളിലെ വാക്‌സിനെടുക്കാത്ത അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും കണക്കുകള്‍

തിരുവനന്തപുരം:110
കൊല്ലം:90
പത്തനംതിട്ട:51
ആലപ്പുഴ:89
കോട്ടയം: 74
ഇടുക്കി:43
എറണാകുളം 106

തൃശൂര്‍:124
പാലക്കാട്: 61
മലപ്പുറം: 201
കോഴിക്കോട്: 151
വയനാട്: 29
കണ്ണൂര്‍:90
കാസര്‍കോട്: 36

prp

Leave a Reply

*