വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമില്‍; വോട്ടെണ്ണല്‍ 16ന്

എറണാകുളം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍്റെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കി, വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമുകളിലേക്ക് മാറ്റി. പോലീസ് കാവലില്‍ അഞ്ചു ദിവസം യന്ത്രങ്ങള്‍ സൂക്ഷിക്കും. സ്ട്രോങ്ങ് റൂമുകള്‍ തന്നെയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

ഡിസംബര്‍ 16ന് രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലാകെ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഓരോ കേന്ദ്രങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി കമീഷന്‍്റെ ട്രെന്‍ഡ് സോഫ്റ്റ് വെയറില്‍ തത്സമയം അപ് ലോഡ് ചെയ്യും.
ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ ബ്ലോക്ക് തലത്തിലുള്ള വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ നടക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും അതാത് സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളാണ് ഒരുക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും.. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും. പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാണ് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുന്നത്. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും..

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും പോസ്റ്റല്‍ വോട്ടുകള്‍ അതാത് വരണാധികാരികളാണ് എണ്ണുക. കൗണ്ടിംഗ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കണക്കാക്കിയാകും സ്ട്രോങ്ങ് റൂമില്‍ നിന്നും കണ്‍ട്രോള്‍ യൂണിറ്റുകള്‍ വാങ്ങുന്നത്.

വോട്ടെണ്ണല്‍ ആരംഭിക്കുന്നത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളില്‍ എണ്ണും. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംങ്ങ് അസിസ്റ്റന്‍്റും ഉണ്ടാകും.

വോട്ടെണ്ണലിനു ശേഷം ത്രിതല പഞ്ചായത്തുകളുടെ കാര്യത്തില്‍ സൂക്ഷിക്കേണ്ട രേഖകളും കണ്‍ട്രോള്‍ യൂണിറ്റിലെ ഡിറ്റാച്ചബിള്‍ മെമ്മറി മൊഡ്യൂളും ബന്ധപ്പെട്ട ട്രഷറികളില്‍ സൂക്ഷിക്കും. എന്നാല്‍ നഗരസഭകളുടെ കാര്യത്തില്‍ രേഖകളോടൊപ്പം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ കൂടി ട്രഷറികളില്‍ സൂക്ഷിക്കും. സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റിനോടൊപ്പമുള്ള രേഖകളും മറ്റ് രേഖകളോടൊപ്പം സൂക്ഷിക്കും.

prp

Leave a Reply

*