തിരുവനന്തപുരം> രാജ്യത്ത് നടമാടുന്ന ന്യൂനപക്ഷ വിരുദ്ധ അതിക്രമങ്ങളെ കോണ്‍ഗ്രസിന് കാണാനാകുന്നില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന് പറഞ്ഞു.
ഇന്ത്യയുടെ മതേതര ജനാധിപത്യ പൈതൃകം അപകടാവസ്ഥയിലാകുന്ന സംഭവ വികാസങ്ങളെ നിസംഗതയോടെയാണ് കാണുന്നത്. തെരഞ്ഞെടുപ്പുകളില്‍ കുറെ സീറ്റ് എങ്ങനെ കൈക്കലാക്കാമെന്ന ചര്‍ച്ചയില്‍ പ്രശാന്ത് കിഷോറിന്റെ പിന്നാലെ നടക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഭീതി പരത്താന്‍ ബോധപൂര്‍മായ ശ്രമങ്ങളാണ് അരങ്ങേറുന്നത്. രാമനവമി, ഹനുമാന് ജയന്തി ദിനാഘോഷങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായി മാത്രം ആചരിച്ചുപോകുന്ന രീതി ഇത്തവണ പാടേ മാറി. ഈ ദിനങ്ങളെ പാവപ്പെട്ട ന്യുനപക്ഷ വിഭാഗങ്ങളുടെ വീടുകളിലേക്ക് ബുള്‍ഡോസര്‍ കയറ്റിയിറക്കാനുള്ള അവസരമാക്കുന്നു. ന്യായീകരിക്കാനാകാത്ത അതിക്രമങ്ങളാണ് ഡെല്‍ഹിയിലടക്കം അരങ്ങേറുന്നത്. അടുത്തകാലത്ത് ബിജെപി അധികാരത്തിലെത്തിയ സംസ്ഥാനങ്ങളിലാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്.
സവര്‍ണര്‍ പ്രത്യേകം യോഗം ചേര്‍ന്ന് കീഴ്ജാതിക്കാരെ ആക്രമിക്കാന്‍ തീരുമാനിച്ച് നടപ്പാക്കുന്നു. ഡെല്‍ഹിയിലെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ ന്യൂനപക്ഷത്തിനുനേരെ മാത്രമാകുന്നു. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കലിലൂടെ സംഘര്‍ഷത്തിനും ഭിന്നിപ്പിക്കലിനും വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രചാരണത്തിനുമാണ് നീക്കം. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ഈ നീക്കത്തെ കാണാന്‍ കോണ്‍ഗ്രസിനാകുന്നില്ല.
രാജ്യത്ത് സംഭവിക്കുന്നതൊന്നും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ബാധിക്കുന്നില്ല. അവരെ നയിക്കുന്നത് സിപിഐ എം വിരോധം മാത്രം. ന്യൂനപക്ഷ, ഭൂപരിപക്ഷ വര്‍ഗീയതയുമായി കൈകോര്‍ത്ത് കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നതിലാണ് താല്പര്യം. സില്‍വര്‍ ലൈന്‍ വിഷയത്തിലടക്കം ഈ അവഹിത കൂട്ടുകെട്ട് നടത്തുന്ന പ്രചാരണങ്ങള്‍ക്കൊപ്പമാണ് ഒരുകൂട്ടം മാധ്യമങ്ങളെന്നും എ വിജയരാഘവന് പറഞ്ഞു.

