കൊച്ചി: നടന് വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു.
നടന് പരാതിക്കാരിയായ നടിയ്ക്കൊപ്പം ആഡംബര ഹോട്ടലില്‍ എത്തിയ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. തുടര്‍ന്ന് ഹോട്ടലിലെ ജീവനക്കാരുട മൊഴി എടുത്തു. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കൊച്ചി പനമ്ബള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ ഉള്ളത്.
മയക്കുമരുന്നും മദ്യവും നല്കി അര്‍ധബോധാവസ്ഥയില്‍ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ മൊഴിയിലുണ്ടായിരുന്നു. മൊഴിയില്‍ പറയുന്ന സ്ഥലങ്ങളില്‍ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി എത്തിയിരുന്നു പരാതിയില്‍ പറയുന്ന സ്ഥലങ്ങളില്‍ ആ സമയത്ത് വിജയ് ബാബുവും പരാതിക്കാരിയും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ ശരിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കൊച്ചി പനമ്ബള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്.
നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സിഎച്ച് നാഗരാജു അറിയിച്ചു. പരാതിക്കാരിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, വിജയ് ബാബുവിനായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. വിജയ് ബാബു വിദേശത്താണെന്ന വിവരത്തെ തുടര്‍ന്നാണ് നോട്ടീസ് പുറത്തിറക്കിയത്. കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതിയില്‍ തേവര പോലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

