
ന്യൂഡല്‍ഹി: വെട്ടുകിളി ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്കി ഡല്‍ഹി ട്രാഫിക് കണ്ട്രോള്. വെട്ടുകിളി ഭീഷണിയുള്ളതിനാല്‍ ടേക്ക്ഓഫിന്റെയും ലാന്‍ഡിങിന്റെയും സമയത്ത് പൈലറ്റുമാര്‍ മുന്‍കരുതലുകള്‍ എടുക്കണമെന്നാണ് നിര്‍ദ്ദേശം.
ഗുരുഗ്രാമില്‍ എത്തിയ വെട്ടുകിളിക്കൂട്ടം ഇന്ന് വൈകീട്ടോടെയോ ഞായറാഴ്ച്ച രാവിലെയോടെയോ ഡല്‍ഹിയില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്.
വെട്ടുക്കിളി ആക്രമണത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അടിയന്തര യോഗം വിളിച്ചു. ഭരണകൂടം ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രദേശവാസികളോട് ജനലുകളും വാതിലുകളും അടച്ചിരിക്കാനും വേണ്ട മുന്‍കരുതലുകളെടുക്കാനും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
ഗുരുഗ്രാമിലെ സൈബര്‍ ഹബ് പ്രദേശത്തിന് സമീപവും അതുപോലെ, ഡല്‍ഹിയിലെ ഛത്രപൂരിലും ചിത്രീകരിച്ച വീഡിയോകളില്‍ ആയിരക്കണക്കിന് വെട്ടുക്കിളികള്‍ ആകാശം മൂടുന്നതായി കാണാം.
റെവാരി, ഗുരുഗ്രാം ജില്ലകളില്‍ വെട്ടുക്കിളികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാക്ടറില്‍ ഘടിപ്പിച്ച സ്പ്രേയിംഗ് സൗകര്യങ്ങള്‍ വിന്യസിക്കുന്നത് ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
