പോത്തന്‍കോട്: നൂറ്റാണ്ടുകളുടെ ചരിത്രം വിളിച്ചോതുന്ന പ്രകൃതി രമണീയമായ വെള്ളാണിയ്ക്കല്‍ പാറയെ സ്വാഭാവിക പ്രകൃതിക്ക് ദോഷമാകാത്ത വിധത്തില്‍ വികസിപ്പിച്ച് ജില്ലയിലെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന പ്രഖ്യാപനങ്ങള്‍ അധികൃതര്‍ മറന്ന മട്ടാണ്. വിനോദ സഞ്ചാര മേഖലയില്‍ സാഹസിക ടൂറിസത്തിന് അനുയോജ്യമായ ഭൂപ്രകൃതിയാണ് വെള്ളാണിയ്ക്കല്‍ പാറയ്ക്ക് ഉള്ളത് . യുവാക്കള്‍ ഏറെ ഇഷ്ടപ്പെടുന്ന സാഹസിക വിനോദ സഞ്ചാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തലസ്ഥാന ടൂറിസം ഭൂപടത്തില്‍ വെള്ളാണിയ്ക്കലിനും ഇടം നേടാന്‍ കഴിയും. പ്രകൃതി രമണീയമായ പാറ സന്ദര്‍ശിക്കാന്‍ ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികളിലാണ് എത്തിക്കൊണ്ടിരുന്നത്. ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെടുത്തി മികച്ച സൗകര്യങ്ങള്‍ ഒരുക്കിയാല്‍ തലസ്ഥാന ജില്ലയ്ക്ക് ഇൗ കേന്ദ്രം ഏറെ മുതല്‍ക്കൂട്ടാകും.
സാഹസിക വിനോദസഞ്ചാരത്തിന് അനുയോജ്യം
ഇവിടത്തെ ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മനസിലാക്കി ചെലവ് കുറഞ്ഞ സാഹസിക വിനോദ സഞ്ചാര സൗകര്യങ്ങള്‍ ഒരുക്കാനാകും. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി ആലപ്പുഴ, കോവളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സാഹസിക ടൂറിസത്തിന് ഇപ്പോള്‍ തന്നെ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതില്‍ വെള്ളാണിയ്ക്കല്‍ പാറയെയും ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം. വിനോദ സഞ്ചാരികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കി നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിനാകെ മുതല്‍ക്കൂട്ടാകും.
നാലര വര്‍ഷം മുമ്ബ് തയ്യാറാക്കിയ പദ്ധതി
പ്രമുഖ വാസ്തു വിദഗ്ദ്ധനായ രഘുറാമിന്റെ മേല്‍നോട്ടത്തില്‍ നാലര വര്‍ഷം മുമ്ബ് തയ്യാറാക്കിയ പദ്ധതികള്‍ എങ്ങുമെത്താത്ത അവസ്ഥയിലാണ്. മുകളിലേക്ക് കയറാനുള്ള പടികളും താഴെ ഒരു മുറിയും കെട്ടിയതോടെ നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ അധികൃതര്‍ മറന്നമട്ടാണ്. സന്ദര്‍ശകര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളും പാര്‍ക്കും ഒരുക്കുമെന്ന് പറഞ്ഞിട്ട് ഒന്നും നടപ്പായില്ല. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് പൊന്മുടി അഗസ്ത്യ മലനിരകളും തെക്ക് പടിഞ്ഞാറ് നഗരക്കാഴ്ചകളും കണ്ടുമടങ്ങാന്‍ ദിനം പ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. പോത്തന്‍കോട്, മാണിക്കല്‍ , മുദാക്കല്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന വെള്ളാണിയ്ക്കല്‍ പാറ സമുദ്ര നിരപ്പില്‍ നിന്ന് 650 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പിന്തുടരുന്നുപോരുന്ന ഗോത്രാചാരപ്രകാരമുള്ള ആരാധാനാ രീതികള്‍ ഇപ്പോഴും നിലനിക്കുന്ന ആയിരവല്ലി ക്ഷേത്രവും അനുബന്ധ ഇടങ്ങളും തീര്‍ത്ഥാടന ടൂറിസം പദ്ധതികള്‍ക്ക് ഏറെ പ്രയോജനപ്പെടും.
ഉത്തരവാദിത്വ ടൂറിസം കേന്ദ്രമാക്കാം
പാരാഗ്ലൈഡിംഗ്, മൗണ്ടെന്‍ സൈക്ളിംഗ്, റോപ്പ് ക്ലൈമ്ബിംഗ്, കുതിര സവാരി, അഡ്വഞ്ചര്‍ പാര്‍ക്കുകള്‍ തുടങ്ങി സാഹസിക ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ആഭ്യന്തര ടൂറിസത്തിനും മുതല്‍ക്കൂട്ടാകും. കൂടാതെ ആരോഗ്യ ടൂറിസം , സാംസ്കാരിക ടൂറിസം, എത് നിക് ടൂറിസം തുടങ്ങിയ പദ്ധതികള്‍ കൂടി നടപ്പിലാക്കിയാല്‍ ജില്ലയിലെ മികച്ച ഉത്തരവാദിത്വ ടൂറിസം കേന്ദ്രമായി വെള്ളാണിയ്ക്കല്‍ മാറും.
പോരായ്മയായി പ്രധാന റോഡിന്റെ തകര്‍ച്ച
ടൂറിസ്റ്ര് കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ല. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡിലൂടെ ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ സര്‍ക്കസ് പഠിക്കണം. മൂന്നര കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ തൊണ്ണൂറുശതമാനവും തകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടു. സമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മഴക്കാലത്ത് പല സ്ഥലങ്ങളിലും ചെളിക്കുണ്ടും അരയടി മുതല്‍ ഒരടി വരെ ആഴമുള്ള ഗര്‍ത്തങ്ങളും തിരിച്ചറിയാനാകാത്തത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
നിര്‍മ്മിച്ചിട്ട് 9 വര്‍ഷം
പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 വര്‍ഷം മുന്‍പാണ് വെള്ളാണിക്കല്‍ കലുങ്ക് ജംഗ്‌ഷന്‍ – പത്തേക്കര്‍ റോഡ് നിര്‍മ്മിച്ചത്. 3.62 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റോഡിന്റെ അടങ്കല്‍ തുക ഒരു കോടി 37 ലക്ഷം രൂപയായിരുന്നു. 2009 ജൂലായില്‍ ആരംഭിച്ച നിര്‍മ്മാണം 2011 ജൂണിലാണ് പൂര്‍ത്തീകരിച്ചത്. ഓട, പാര്‍ശ്വഭിത്തി, സംരക്ഷണ ഭിത്തി ഉള്‍പ്പെടെയുള്ള പദ്ധതിയുടെ നിര്‍മ്മാണച്ചുമതല ജില്ലാ പഞ്ചായത്തിനായിരുന്നു.

