ബെവ് ക്യൂ ഡൗണ്‍ലോഡ് ചെയ്താല്‍ മദ്യത്തിനായി ടോക്കണ്‍ ബുക്ക് ചെയ്യേണ്ടത് എങ്ങനെ ?

സംസ്ഥാനത്ത് നീണ്ട ഇടവേളക്ക് ശേഷം മദ്യശാലകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ്. തിരക്ക് കുറയ്ക്കാനായി മദ്യം വാങ്ങാനുളള പാസ് നല്‍കുന്നതിനായുളള ബെവ് ക്യൂ ആപ്പ് വൈകാതെ തന്നെ ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. ഡൗണ്‍ലോഡ് ചെയ്ത് കഴിഞ്ഞാല്‍ ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം വളരെ എളുപ്പമാണെന്നാണ് റിപ്പോര്‍ട്ട്. ജിപിഎസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപ്പില്‍ ഉപഭോക്താവിന്റെ ഏറ്റവും അടുത്തുളള ബാര്‍, ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ്, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം വാങ്ങാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം ഇങ്ങനെ

  1. ആദ്യം ബെവ്ക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം
  2. ലോഗിന്‍ സ്‌ക്രീനില്‍ പേര്, മൊബൈല്‍ നമ്ബര്‍, പിന്‍കോഡ് എന്നിവ നല്‍കണം.
  3. ഇഷ്ടമുളള ഭാഷ തിരഞ്ഞെടുക്കാം
  4. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച്‌ സബ്മിറ്റ് ചെയ്യണം
  5. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണിലേക്ക് ആറക്ക സ്ഥിരീകരണ കോഡ് ലഭിക്കും
  6. ആറക്ക കോഡ് ടൈപ്പ് ചെയ്ത് വെരിഫൈ ചെയ്യണം
  7. ബിയര്‍,വൈന്‍, ലിക്കര്‍ സെലക്‌ട് ചെയ്ത് ബുക്ക് ചെയ്യണം
  8. ബുക്കിങ് സ്ഥിരീകരിച്ച്‌ ഔട്ട്‌ലൈറ്റിന്റെ വിശദാംശം, തീയതി, സമയം, ക്യൂആര്‍ കോഡ് അടക്കം സ്ഥിരീകരണം ലഭിക്കും.
  9. ഇതുമായി അനുവദിച്ച സമയത്ത് ഔട്ട്‌ലൈറ്റുകളിലോ, ബാറിലോ എത്തി പണം നല്‍കി മദ്യം വാങ്ങാം
  10. ബുക്ക് ചെയ്യുമ്ബോള്‍ ടൈം സ്ലോട്ട് ലഭ്യമല്ലെങ്കില്‍ ടോക്കണ്‍ കിട്ടില്ല എന്ന സന്ദേശമായിരിക്കും ലഭിക്കുക.

ആപ്പ് വഴി ബുക്ക് ചെയ്താല്‍ ലഭിക്കുന്ന ടോക്കണ്‍ പ്രകാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും മദ്യം വിതരണം ചെയ്യുക. ബിവ്‌റേജസില്‍ ടോക്കണ്‍ മാത്രമാണ് പരിശോധിക്കുന്നത്. മദ്യം വാങ്ങാന്‍ എത്തേണ്ട സമയവും ഷോപ്പും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. പണം ബിവറേജിന്റെ കൗണ്ടറില്‍ അടച്ച്‌ മദ്യം വാങ്ങാവുന്നതാണ്. മൊബൈല്‍ ആപ്പില്‍ വിതരണം ചെയ്യുന്ന ടോക്കണുകളുടെ വിവരം അതാത് വില്‍പ്പനശാലകളില്‍ അതേസമയം തന്നെ ലഭിക്കും. ഇതിനായി മദ്യശാലകള്‍ക്കും പ്രത്യേക ആപ്ലിക്കേഷന്‍ നല്‍കിയിട്ടുണ്ട്. കൗണ്ടറില്‍ ഒരുസമയം അഞ്ചുപേരെയെ അനുവദിക്കുകയുളളൂ. രാവിലെ പത്ത് മണി മുതല്‍ അഞ്ച് മണിവരെയാണ് മദ്യശാലകളുടെ പ്രവര്‍ത്തന സമയം.

സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്ക് മദ്യം വാങ്ങാന്‍ ടോക്കണ്‍ കിട്ടാനായി എസ്‌എംഎസ് അയച്ചാല്‍ മതിയാകും. അയക്കേണ്ട നമ്ബര്‍ ഇന്ന് അറിയാം. ഈ നമ്ബറിലേക്ക് ലിക്കറിന് ബിഎല്‍ എന്നും ബിയറിനും വൈനിനും ബിഡബ്ല്യു എന്നും ടൈപ്പ് ചെയ്ത് സ്‌പെയ്‌സ് പിന്‍കോഡ് സ്‌പെയ്‌സ് പേര് ടൈപ്പ് ചെയ്താണ് എസ്‌എംഎസ് അയക്കേണ്ടത്. ഒരു മൊബൈല്‍ നമ്ബരില്‍ നിന്നും ഒരു പ്രാവിശ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞ് മാത്രമേ വീണ്ടും ബുക്ക് ചെയ്യാന്‍ കഴിയുകയുളളൂ. ഒരു ടോക്കണില്‍ മൂന്ന് ലിറ്റര്‍ മദ്യം മാത്രമാണ് വാങ്ങാന്‍ കഴിയുക.

ഐ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് അടക്കം എല്ലാ പ്ലാറ്റ്‌ഫോമിലും ആപ്പ് ലഭ്യമാകുമെന്നാണ് ബെവ്‌കോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ സ്ഥാപനമാണ് ആപ്പ് തയ്യാറാക്കിയത്. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം. ബാറുകളില്‍ കൗണ്ടര്‍ വഴി ഇത്തരത്തില്‍ മദ്യം ബിവറേജിലെ വിലയ്ക്ക് വില്‍ക്കുമെങ്കിലും ബാറിലിരുന്നുളള മദ്യപാനത്തിന് അനുമതി നല്‍കിയിട്ടില്ല.

prp

Leave a Reply

*