വനിതാകാര്യ മന്ത്രാലയത്തിലേക്ക് വനിതകള്‍ വരേണ്ട, പുരുഷന്മാര്‍ മാത്രം വന്നാല്‍ മതി, തലതിരിഞ്ഞ ഉത്തരവ് താലിബാന്‍ വക

കാബൂള്‍ : വനിതാ കാര്യ മന്ത്രാലയത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകള്‍ക്ക് വിലക്ക്. താലിബാനാണ് ഈ വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നിരോധനം ബാധകമാണ്. മന്ത്രാലത്തില്‍ പ്രവേശിക്കാന്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് അനുമതിയുളളതെന്ന് വ്യക്തമാക്കിയ ജീവനക്കാര്‍ അവിടേക്ക് എത്തിയ സ്ത്രീകളെ വിലക്കുകയും ചെയ്തു. താലിബാന്റെ നീക്കത്തിനെതിരെ പ്രതിഷേധിക്കാന്‍ വനിതകള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

സ്ത്രീകള്‍ ജോലിക്കുപോകരുതെന്നും ബന്ധുക്കളായ പുരുഷന്മാരുടെ കൂടെയല്ലാതെ പുറത്തിറങ്ങി നടക്കരുതെന്നും അഫ്ഗാനില്‍ അധികാരം പിടിച്ചപ്പോള്‍ തന്നെ താലിബാന്‍ വ്യക്തമാക്കിയിരുന്നു. സ്ത്രീകള്‍ ചെയ്തിരുന്ന ജോലികള്‍ അവരുടെ ബന്ധുക്കളായ പുരുഷന്മാര്‍ക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള താലിബാന്‍ നീക്കത്തിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം ശക്തമായതോടെ എല്ലാ കാര്യത്തിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.”ഇസ്ലാമിനെ അടിസ്ഥാനമാക്കി സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കാന്‍ താലിബാന്‍ പ്രതിജ്ഞാബദ്ധരാണ് എന്നാണ് വക്താവ് പറഞ്ഞത്. പക്ഷേ, അതിപ്പോഴും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്.

അവകാശങ്ങള്‍ ഹനിക്കുന്നതിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ താലിബാനികള്‍ ക്രൂരമായാണ് വേട്ടയാടിയത്. ഒപ്പം സ്ത്രീകള്‍ പ്രതിഷേധിക്കുന്നതും തെരുവിലിറങ്ങുന്നതും വിലക്കുകയും ചെയ്തു. ബുര്‍ഖ ധരിക്കാത്തതിന്റെ പേരില്‍ ഇപ്പോഴും സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇക്കാരണം പറഞ്ഞ് നിരവധി സ്ത്രീകളെയാണ് അവര്‍ വെടിവച്ചുകൊന്നത്. നെയില്‍ പോളിഷ് ഇട്ടതുപോലും കടുത്ത കുറ്റമായാണ് കണക്കാക്കുന്നത്. വീടുകളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ടുപോകുന്നത് ഇപ്പോഴും തുടരുകയാണ്.

അധികാരം പിടിച്ച്‌ നാളുകള്‍ കഴിഞ്ഞിട്ടും തമ്മിലടി തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇപ്പോഴും താലിബാന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പ്രാദേശിക ഗ്രൂപ്പുകള്‍ അവരുടെ പ്രദേശങ്ങളില്‍ തങ്ങള്‍ക്ക് ഇഷ്ടമുള്ള നിയമങ്ങളാണ് നടപ്പാക്കുന്നത്. ഈ ഗ്രൂപ്പുകളില്‍ ഭൂരിപക്ഷവും കടുത്ത സ്ത്രീവിരോധികളാണ്.

prp

Leave a Reply

*