പാലക്കാട്: ദേശീയപാത 544-ന്റെ ഭാഗമായ വാളയാര്‍ – പാമ്ബംപള്ളം ടോള്‍ പ്ലാസയിലെ നിരക്ക് 10 ശതമാനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി അധികൃതര്‍.
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് നിലവില്‍വരും. രണ്ടുവര്‍ഷത്തിനുശേഷമാണ് നിരക്ക് വര്‍ദ്ധനവ്. ഇതോടെ ടോള്‍ പ്ലാസയ്ക്ക് 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരുടെ സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രതിമാസം നല്‍കേണ്ട തുക 285 രൂപയില്‍ നിന്ന് 315 രൂപയായും ഉയരും. വാളയാര്‍ വഴി നിത്യേന യാത്ര ചെയ്യുന്ന ടാക്‌സി ഡ്രൈവര്‍മാരെയും സ്വകാര്യ ബസുകാരെയും നിരക്ക് വര്‍ദ്ധനവ് പ്രതിസന്ധിയിലാക്കും. കേരളത്തിലേക്കുള്ള ചരക്കു നീക്കത്തെയും ഇത് ബാധിക്കുമെന്ന് ആശങ്കയുണ്ട്.
2015 നവംബറിന് ശേഷം എല്ലാം വര്‍ഷവും ടോള്‍നിരക്ക് പുതുക്കിയിരുന്നു. പക്ഷേ കൊവിഡ് കാലത്ത് പ്രതിസന്ധി കണക്കിലെടുത്തു കഴിഞ്ഞ രണ്ട് വര്‍ഷവും കമ്ബനി ടോള്‍ വര്‍ദ്ധിപ്പിച്ചിരുന്നില്ല. യാത്രക്കാരെ പ്രയാസത്തിലാക്കാതെ ദേശീയപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇപ്പോഴത്തെ നിരക്കുവര്‍ദ്ധനയെന്ന് കരാര്‍ കമ്ബനിയായ വാളയാര്‍ വടക്കഞ്ചേരി എക്സ്പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
വര്‍ദ്ധനവ് ഇപ്രകാരം
കാര്‍, ജീപ്പ് തുടങ്ങിയ ചെറുകിട വാഹനങ്ങള്‍ക്ക് ഒരുതണവ ടോള്‍ കടന്നുപോകുന്നതിനുള്ള തുക 65ല്‍ നിന്ന് 75 രൂപയാക്കി. ഒരേദിവസം പോയിവരാന്‍ 110 രൂപ, നേരത്തെ ഇത് 100 ആയിരുന്നു.
ചെറിയ വാണിജ്യവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, ബസ് എന്നിവയുടെ ഒരു യാത്രയ്ക്കുള്ള തുക 105 രൂപയില്‍ നിന്ന് 120 രൂപയായി വര്‍ദ്ധിപ്പിച്ചു. അന്നേദിവസം തന്നെ മടക്ക യാത്രയുണ്ടെങ്കില്‍ 175 രൂപ നല്‍കണം. ഇത്തരം വാഹനങ്ങള്‍ക്ക് 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 3920 രൂപയാക്കി. 360 രൂപയുടെ വര്‍ദ്ധനവ്.
ബസ് ട്രക്ക് (രണ്ട് ആക്സില്‍) ഒറ്റ യാത്രയ്ക്കുള്ള നിരക്കില്‍ 20 രൂപ വര്‍ദ്ധിപ്പിച്ച് 245 രൂപയാക്കി. ഒരേദിവസം മടക്കയാത്രയുടെ നിരക്ക് 335ല്‍ നിന്നു 370 രൂപയാക്കിയിട്ടുണ്ട്. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 8215 രൂപയാക്കി. 755 രൂപയുടെ വര്‍ദ്ധിനവ്.
വ്യാവസായിക ആവശ്യത്തിനുള്ള വലിയ വാഹനങ്ങള്‍, മണ്ണു മാറ്റാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ എന്നിവയുടെ നിരക്ക് ഒരു യാത്രയ്ക്കുള്ള തുക 35 രൂപ കൂട്ടി 385 രൂപയിലെത്തി. ഒരേ ദിവസം മടക്കയാത്രയ്ക്കു കൂടിയാകുമ്ബോള്‍ 525ല്‍ നിന്നു 580 രൂപയാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 12,880 രൂപയായി വര്‍ദ്ധിപ്പിച്ചു. 1,185 രൂപയുടെ വര്‍ദ്ധന.
ഏഴോ അതിലധികമോ ആക്സിലുള്ള വാഹനങ്ങള്‍ക്ക് ഒരു യാത്രയ്ക്ക് 425ല്‍ നിന്ന് 470 രൂപയും അതേ ദിവസം മടക്കയാത്രയുണ്ടെങ്കില്‍ അത് 640ല്‍ നിന്ന് 705 രൂപയുമാക്കി. 50 ഒറ്റ യാത്രയ്ക്ക് ഒരു മാസത്തേക്ക് 14,235 രൂപയില്‍നിന്ന് 15,685 രൂപയുമാക്കി. 1450 രൂപയുടെ വര്‍ദ്ധനവ്.

