വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ കാപിറ്റലിന്‍റെ സുരക്ഷാ ബാരിക്കേഡിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍. വില്യം ഇവാന്‍ എന്ന പൊലീസുകാരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവം തന്‍റെയും ഭാര്യ ജില്‍ ബൈഡന്‍റെയും ഹൃദയം തകര്‍ത്തെന്നും കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യം ഒന്നാകെ ചേരുന്നതായും ബൈഡന്‍ വെളിപ്പെടുത്തി .
അതെ സമയം അപകടത്തില്‍ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുമുണ്ട്. കാര്‍ ഇടിച്ചു കയറ്റിയും കത്തി വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെ കാപിറ്റല്‍ മന്ദിരം പൂര്‍ണ്ണമായും അടച്ചിരുന്നു. അക്രമത്തിന്‍റെ കാരണം വ്യക്തമല്ലെങ്കിലും തീവ്രവാദ ആക്രമണമല്ലെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രാഥമിക സൂചന.
കാപിറ്റല്‍ മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച സുരക്ഷാ ബാരിക്കേഡിലേക്ക് നീല കാര്‍ ഇടിച്ചുകയറിയ നിലയിലാണ് ടെലിവിഷന്‍ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത് .ഒപ്പം പരിക്കേറ്റ ഉദ്യോഗസ്ഥരെ ആംബുലന്‍സുകളിലേക്ക് കയറ്റുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ജനുവരി ആറിന് കാപിറ്റല്‍ മന്ദിരത്തിലേക്ക് ഇരച്ചുകയറി മുന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ അനുകൂലികള്‍ സൃഷ്ടിച്ച പ്രക്ഷോഭത്തിന് ശേഷം മേഖല അതീവ സുരക്ഷാ വലയത്തിലായിരുന്നു.

