വാഷിങ്ടണ്‍: യു.എസില്‍ യാത്രക്കിടെ വെള്ളപ്പൊക്കത്തില്‍ കാണാതായ മലയാളി കുടുംബം സഞ്ചരിച്ച വാഹനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. കാലിഫോര്‍ണിയയിലെ നദിയില്‍ ഒഴുകിപ്പോയ ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് സംശയിക്കുന്ന ചില വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സൗത്ത് കാലിഫോര്‍ണിയയിലെ വാലന്‍സിയയില്‍ താമസിക്കുന്ന സന്ദീപും കുടംബവും ഒരാഴ്ചയായി വിനോദയാത്രയിലായിരുന്നു. ഇതിനിടെ സനോയിഡിലെ ബന്ധുവിന്റെ വീട്ടിലെത്താമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിഫോര്‍ണിയ ഹൈവേ പട്രോളില്‍ നിന്ന് അപകടവിവരം അറിഞ്ഞത്.
ലെഗ്ഗെറ്റ് നഗരത്തിന് വടക്ക് ഡോറ ക്രീക്കില്വെച്ച് കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇൗല് നദിയില്‍ ഇവര്‍ സഞ്ചരിച്ച വാഹനം മുങ്ങിപ്പോയെന്നാണ് ദൃക്സാക്ഷി പറഞ്ഞത്.
