വ്ലോഗര്‍ സുജിത് ഭക്തന്‍ കുരുക്കില്‍; സംരക്ഷിത വനമേഖലയില്‍ വിഡിയോ പകര്‍ത്തിയത് അനുമതി ഇല്ലാതെയെന്ന് വനംവകുപ്പ്

വിഡിയോ വ്ലോഗറായ സുജിത് ഭക്തന്‍ സംരക്ഷിത വനമേഖലയില്‍നിന്ന് ചിത്രങ്ങളും വിഡിയോയും പകര്‍ത്തിയത് അനുമതി ഇല്ലാതെയാണെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. സുജിത് സന്ദര്‍ശിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം ഉദ്യാനത്തില്‍നിന്ന് അദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്.ഹരീന്ദ്രകുമാര്‍, ഡിഎഫ്‌ഒ പി ആര്‍ സുരേഷിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മാനദണ്ഡം പാലിക്കാതെ ഇടമലക്കുടി പോലെ അതീവ പ്രാധാന്യമുള്ള പ്രദേശത്തേക്ക് എം പി ഉല്ലാസയാത്ര നടത്തിയെന്ന് സിപിഐ ആരോപിച്ചിരുന്നു. ഇടുക്കി എം പിക്കും സുജിത് ഭക്തനും എതിരെ നടപടി ആവശ്യപ്പെട്ട് എഐഎസ്‌എഫ് പൊലീസിലും പരാതി നല്‍കിയിരുന്നു. മാസ്‌ക് ധരിക്കാതെ എം.പി ഡീന്‍ കുര്യാക്കോസും സംഘവും സുജിത് ഭക്തനൊപ്പം ഇടമലക്കുടിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഡീന്‍ കുര്യാക്കോസിനൊപ്പം ഇടമലക്കുടിയില്‍ നടത്തിയ യാത്ര വിവാദമായ പശ്ചാത്തലത്തില്‍ സുജിത്ത് ഭക്തന്‍ കഴിഞ്ഞ ദിവസം പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. സ്ഥലം എംപി വിളിച്ചിട്ടാണ് താന്‍ ഇടമലക്കുടിയിലെത്തിയതെന്നും താന്‍ ഇടമലക്കുടി നിവാസികളുടെ പ്രശ്‌നങ്ങള്‍ പകര്‍ത്തിയതിനാലാണ് അത് ജനമറിഞ്ഞതെന്നും സുജിത്ത് ഭക്തന്‍ പറഞ്ഞു.

വിമര്‍ശിക്കുന്നവര്‍ ഈ സ്ഥലം പോയി കണ്ടിട്ടുണ്ടോ എന്നും അവിടെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍പഠനത്തിന് സൗകര്യമൊരുക്കാന്‍ സഹായിച്ചതാണോ തങ്ങള്‍ ചെയ്ത തെറ്റെന്നും സുജിത്ത് ഭക്തന്‍ ചോദിച്ചു. വിഷയത്തില്‍ എന്ത് നിയമനടപടി വന്നാലും നേരിടാന്‍ താന്‍ തയ്യാറാണെന്നും സുജിത്ത് ഭക്തന്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

prp

Leave a Reply

*