കിയവ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെ ആണവായുധം ഉപയോഗിക്കാന്‍ ലോകം അനുവദിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി.
തങ്ങളുടെ പ്രദേശം സംരക്ഷിക്കാന്‍ ഏത് മാര്‍ഗവും ഉപയോഗിക്കുമെന്ന പുടിന്‍റെ പ്രസ്താവനയോട് പ്രതിരിക്കുകയായിരുന്നു അദ്ദേഹം. റഷ്യക്കെതിരെ യുക്രെയ്ന്‍ സേന വലിയ രീതിയില്‍ തിരിച്ചടിച്ച് തുടങ്ങിയതോടെ സൈനിക സന്നാഹം വിപുലീകരിക്കാന്‍ പുടിന്‍ ഉത്തരവിട്ടിരുന്നു.
“പുടിന്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ആണവായുധം ഉപയോഗിക്കാന്‍ ലോകം അദ്ദേഹത്തെ അനുവദിക്കില്ല. റഷ്യന്‍ സേനയെ രാജ്യത്ത് നിന്ന് പിന്‍വലിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നതിനായി പുടിനുമായി ചര്‍ച്ച നടത്താന്‍ സാധിക്കുകയുള്ളു”- സെലന്‍സ്കി പറഞ്ഞു.
നാളെ ഒരുപക്ഷെ യുക്രെയ്ന് പുറമേ പോളണ്ട് കൂടെ വേണമെന്ന് പുടിന്‍ പറഞ്ഞേക്കാം. അതിന് വേണ്ടി അവര്‍ ആണവായുധം പ്രയോഗിച്ചെന്നും വരാം. യുദ്ധക്കളത്തില്‍ റഷ്യന്‍ സേന നേരിട്ട് കൊണ്ടിരിക്കുന്ന പരാജയമാണ് കൂടുതല്‍ സൈന്യത്തെ വിന്യസിക്കുന്നതിലേക്ക് പുടിനെ നയിച്ചത്. പടി പടിയായി ലക്ഷ്യത്തിലേക്ക് എത്തുമെന്നും റഷ്യയുടെ പക്കല്‍ നിന്ന് തങ്ങളുടെ പ്രദേശങ്ങളെല്ലാം തിരിച്ച് പിടിക്കുമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ പ്രദേശം പിടിച്ചെടുത്ത, യുക്രെയ്നിലെ ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ പുടിനെ ശിക്ഷിക്കണമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സെലന്‍സ്കി ആവശ്യപ്പെട്ടു.

