തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് സിക്ക ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24 വയസ്സുകാരിയായ ഗര്‍ഭിണിക്കാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇവര്‍ കഴിഞ്ഞ ദിവസം പ്രസവിച്ചു. അമ്മയും കുഞ്ഞും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതെ സുരക്ഷിതരാണ്. പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക.
ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
സാധാരണയായി 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. 3 മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്.
സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള് അപൂര്‍വമാണ്. ഗര്‍ഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്.
ഗര്‍ഭകാലത്തുള്ള സിക്ക വൈറസ് ജനിക്കുന്ന കുട്ടികളുടെ അംഗ വൈകല്യത്തിന് കാരണമാകും. ഗര്‍ഭകാലത്തുള്ള സങ്കീര്‍ണതയ്ക്കും ഗര്‍ഭഛിത്രത്തിനും ഇത് കാരണമായേക്കാം.
കുട്ടികളിലും മുതിര്‍ന്നവരിലും സിക്ക ബാധിച്ചാല്‍ നാഡീസംബന്ധമായ പ്രശങ്ങളിലെത്തിക്കും.
എന്‍.സി.ഡി.സി. ഡല്‍ഹി, എന്‍.ഐ.വി. പൂന എന്നിവിടങ്ങളിലാണ് സിക്ക വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനമുള്ളത്. ആര്‍ടിപിസിആര്‍ ടെസ്റ്റാണ് സാധാരണയായി നടത്തുന്നത്.
നിലവില്‍ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്.
രോഗ ലക്ഷണങ്ങളുള്ളവര്‍ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങള്‍ കൂടുന്നെങ്കില്‍ ചികിത്സ തേടേണ്ടതാണ്.
സിക്ക ബാധിത പ്രദേശത്തുള്ള ലക്ഷണമുള്ള ഗര്‍ഭിണികള്‍ പരിശോധനയും ചികിത്സയും തേടേണ്ടതത്യാവശ്യമാണ്.

