കോഴിക്കോട്:കോഴിക്കോട് കൊയിലാണ്ടിയില്‍ രണ്ട് ഐ ടി ഐ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുറുവങ്ങാട് ഗവണ്മെന്റ് ഐ ടി ഐ വിദ്യാര്‍ത്ഥികളായ ഫഹ്മിത, റിജോ റോബര്‍ട്ട് എന്നിവരെ കൊയിലാണ്ടി വെളളറക്കാട് റെയില്‍വെ സ്റ്റേഷന് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ പത്രമെടുക്കാനെത്തിയ ആളാണ് റെയില്‍വെ ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുവരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഫഹ്മിത ഇന്നലെ ഐടിഐ യിലേക്ക് വന്ന ശേഷം വീട്ടില്‍ എത്തിയിരുന്നില്ല. കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തെ കുറിച്ച് കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

