കൊച്ചി: (www.kasargodvartha.com) കൊച്ചിയില്‍ ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തി ഹൈകോടതി ഉത്തരവ്.
നഗര പരിധിയില്‍ ബസുകള്‍ ഹോണ്‍ മുഴക്കി ഓവര്‍ടേക് ചെയ്യുന്നതിന് നിരോധനം ഏര്‍പെടുത്തി. ബസുകള്‍ റോഡ് നിറഞ്ഞ് ഓടുന്നത് മൂലമുള്ള ട്രാഫിക് കുരുക്കുകള്‍ ശ്രദ്ധയില്‍ പെട്ടതതിന് പിന്നാലെയാണ് കോടതി നടപടി.
പെരുമ്ബാവൂര്‍ നഗര പരിധിയിലെ ഓടോറിക്ഷകളുടെ പെര്‍മിറ്റുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജി പരിഗണിക്കുമ്ബോഴാണ് ഹൈകോടതി വാഹന വകുപ്പിനോടും പൊലീസിനോടും ഉത്തരവിറക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.
നിര്‍ബന്ധമായും ഇടതു ഭാഗത്തുകൂടി മാത്രം വാഹനങ്ങള്‍ ഓടിക്കണം എന്നും നിര്‍ദേശിച്ചിട്ടുണ്ട്. നഗര പരിധിയില്‍ ഓവര്‍ടേക്കിങ് പാടില്ലെന്നും ഹോണ്‍ മുഴക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓടോറിക്ഷകള്‍ നിശ്ചിത അനുമതിയുള്ള സ്ഥലങ്ങളില്‍ നിന്ന് മാത്രമേ ആളുകളെ കയറ്റാന്‍ പാടുള്ളൂ. തോന്നുന്നിടത്ത് നിര്‍ത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.
സിഗ്‌നലുകള്‍ നോക്കാതെയും നല്‍കാതെയും ഓടോറിക്ഷകള്‍ ഓടിക്കുന്നത് ഉള്‍പെടെയുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നുണ്ടെന്നും ഇവ പരിധി ലംഘിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
നിയമലംഘനങ്ങള്‍ക്കെതിരെ അടിയന്തരമായി ഉത്തരവിറക്കാന്‍ എറണാകുളം സിറ്റി പൊലീസ് കമിഷനര്‍ക്കും മോടോര്‍ വാഹന വകുപ്പിനും കോടതി നിര്‍ദേശം നല്‍കി.

