തക്കാളി വില താഴോട്ട് 100 രൂപയ്ക്ക് 3 കിലോ !

കോഴിക്കോട്: മലയാളിയുടെ അടുക്കളയെ പൊള്ളിച്ച തക്കാളി വില കുത്തനെ ഇടിഞ്ഞു. കിലോയ്ക്ക് 70 മുതല്‍ 90 വരെയായിരുന്ന തക്കാളി വില 35 രൂപയിലേക്കെത്തി.

വഴിയോര കച്ചവടക്കാരില്‍ നിന്ന് 100 രൂപയ്ക്ക് 3 കിലോ തക്കാളി കിട്ടും. വരും ദിവസങ്ങളില്‍ തക്കാളി വില 20 രൂപയിലെത്തുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തമിഴ്നാട്ടിലെയും കര്‍ണാടകയിലേയും പ്രമുഖ മാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ തക്കാളി എത്തിത്തുടങ്ങിയതാണ് വില കുറയാന്‍ കാരണമായത്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഉത്പാദനവും വര്‍ദ്ധിച്ചു. കോയമ്ബത്തൂര്‍, മധുര, ഡിണ്ടിഗല്‍, തിരുനെല്‍വേലി എന്നിവിടങ്ങളില്‍ നിന്നാണ് കോഴിക്കോടേക്ക് തക്കാളി കൂടുതലായും എത്തുന്നത്. വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്പെടുകയും വലിയ തോതില്‍ കൃഷിനാശം ഉണ്ടായതുമാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെട്ടതും വില കുത്തനെ കൂടാന്‍ കാരണമായതും. തക്കാളിക്കൊപ്പം സവാള, ബീന്‍സ്, വെള്ളരി, മത്തന്‍ എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്. കിലോ 50 വരെ പോയിരുന്ന സവാളയ്ക്ക് 40 രൂപയാണ് വിപണി വില. ബീന്‍സിന് കിലോ 80 ഉണ്ടായിരുന്നത് 30 രൂപയായി. വെളളരി കിലോ 18 രൂപയ്ക്കാണ് വില്‍ക്കുന്നത്. നേരത്തെ കിലോയ്ക്ക് 70 രൂപ വരെ പോയിരുന്നു.

പൊതുവിപണിയില്‍ തക്കാളി വില കുതിച്ചതോടെ വില പിടിച്ചുകെട്ടാന്‍ കൃഷി വകുപ്പ് വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘തക്കാളി വണ്ടി’ പോലുള്ള സംവിധാനങ്ങള്‍ തുടങ്ങിയിരുന്നു. വീടുകളില്‍ അടുക്കളത്തോട്ടവും വ്യാപകമായിരുന്നു.

prp

Leave a Reply

*