പാലക്കാട് : കാര്‍ഷിക നിയമം പിന്‍വലിച്ചതിനു ശേഷം വിപണിയില്‍ പച്ചക്കറികള്‍ക്കു വലിയ വിലക്കയറ്റമാണ് മൊത്തത്തില്‍, അതില്‍ തക്കാളിയുടെ വിലയാണിപ്പോള്‍ കേരളത്തിലും തമിഴ്നാട്ടിലുമുള്‍പ്പെടെ പ്രധാന ചര്‍ച്ചാവിഷയം.
സമൂഹമാധ്യമങ്ങളില്‍ വൈറലാണ് തക്കാളി വിലയിലെ ട്രോളുകള്‍. സാധാരണ ഈ സീസണില്‍ പച്ചക്കറികള്‍ക്കു വില വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ കൈവിട്ട നിലയായെന്നു കച്ചവടക്കാരും ഉപഭോക്താക്കളും പറയുന്നു.
കടയില്‍ നിന്നു തക്കാളി വാങ്ങുമ്ബോള്‍ കിലോയ്ക്കു 130 രൂപവരെയാണിപ്പോള്‍ വില. അതില്‍ പെട്ടെന്നൊരു വിലകുറവിനുള്ള സാധ്യത മൊത്തകച്ചവടക്കാരും ചില്ലറവിപണിക്കാരും കാണുന്നില്ല. സര്‍ക്കാരിന്റെ നടപടികളെ ആശ്രയിച്ചിരിക്കും ഇനിയങ്ങോട്ടു കാര്യങ്ങളെന്നും അവര്‍ പറയുന്നു. കാര്‍ഷിക നിയമം പിന്‍വലിച്ചതോടെ തോന്നിയ വിലയാണ് ഇപ്പോള്‍ വിപണിയിലെന്നാണ് പൊതുവെ സംസാരം. വിപണിയില്‍ തക്കാളിക്കു കൂറ്റന്‍ വിലയാകുമ്ബോള്‍ അതുണ്ടാക്കുന്ന കര്‍ഷകനു കിട്ടുന്ന വരുമാനവും കൂടുതലാണെന്നു കരുതിയെങ്കില്‍ തെറ്റി.
കേരളത്തില്‍ കര്‍ഷകന് കിലോയ്ക്കു ശരാശരി 65 രൂപയാണ് ഇപ്പോഴും കിട്ടുന്നത്.കര്‍ഷകനു ലഭിക്കുന്ന വിലയും ചില്ലറവില്‍പനവിലയും തമ്മിലുള്ള അന്തരം ഇടപാടുകാരുടെ സംഭാവനയാണ്. തമിഴ്നാട്ടില്‍ തക്കാളി ചന്തയിലെത്തിച്ചു നല്‍കിയാല്‍ 60 രൂപ കിട്ടുമെങ്കിലും ഇടനിലക്കാര്‍ അതിനു സമ്മതിക്കാറില്ല. വില നിയന്ത്രിക്കാന്‍ കിലോയ്ക്കു 85 രൂപ നിരക്കില്‍ സംഭരിച്ചു വിപണിയിലെത്തിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കിലും എത്രത്തോളം ഫലവത്താകുമെന്ന് നിശ്ചയമില്ല.

