ചെന്നൈ | തൂത്തുക്കുടിയില്‍ പിതാവും മകനും കസ്റ്റഡിയില്‍ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുശേഷം പോലീസ് ക്രൂരതയുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി പുറത്തുവരുന്നു. ജയരാജിന്റയും ബെന്നിക്‌സിന്റെയും മരണത്തിന് കാരണക്കാരായവര്‍ തന്നെയാണ് ഈ മരണത്തിലും പങ്കാളികളായത്. തൂത്തുക്കുടി സ്വദേശിയായ മഹേന്ദ്രന്റെ(28) മരഎത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് കുടുംബം രംഗത്തെത്തിയിരിക്കുന്നത്. ജയരാജനേയും ബെന്നിക്‌സിനെയും അറസ്റ്റ് ചെയ്ത പോലീസുകാര്‍ തന്നെയാണ് മഹേന്ദ്രനെയും കസ്റ്റഡിയിലെടുത്തത്. കൊലപാതക കേസ് പ്രതിയായ മഹേന്ദ്രന്റെ ജ്യേഷ്ഠന്‍ ദുരൈയെ അന്വേഷിച്ചാണ് സതങ്കുളം സബ് ഇന്‍സ്‌പെക്ടര്‍ രഘു ഗണേഷും സംഘവും മെയ് 23ന് ഇവരുടെ വീട്ടിലെത്തിയത്. മഫ്തിയിലെത്തിയ രഘു ഗണേഷിന്റെ കൈയില്‍ തോക്കും ഉണ്ടായിരുന്നു. സഹോദരന്‍ വീട്ടിലില്ലാത്തതിനാല്‍ മഹേന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദുരൈ കീഴടങ്ങിയതിന് ശേഷം മാത്രമേ മഹേന്ദ്രനെ മോചിപ്പിക്കൂവെന്നും പറഞ്ഞ് വാറണ്ട് പോലുമില്ലാതെയാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നാണ് കുടംബം പറയുന്നത്. പോലീസുകാര്‍ വന്ന വാഹനത്തിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്ബര്‍ പ്ലേറ്റുകള്‍ നീക്കം ചെയ്തിരുന്നെന്ന് മഹേന്ദ്രന്റെ അമ്മാവന്‍ പെരുമാള്‍ പറഞ്ഞു.
പിറ്റേ ദിവസം രാത്രിയാണ് മഹേന്ദ്രനെ അവര്‍ വിട്ടയച്ചത്. സ്റ്റേഷനില്‍ നിന്നെത്തിയ അവന്‍ അവശനായിരുന്നെന്നും ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലായിരുന്നെന്നും ശാരീരിക വെല്ലുവിളി നേരിടുന്ന മഹേന്ദ്രന്റെ അമ്മ വാദിവു പറഞ്ഞു. കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോകുമ്ബോള്‍ വീട്ടില്‍ വെച്ച് തന്നെ അവര്‍ മഹേന്ദ്രനെ മര്‍ദിച്ചിരുന്നു. പേരക്കുട്ടിയെ കുറിച്ച് മറന്നേക്കൂ എന്നാണ് പോലീസുകാരന്‍ പറഞ്ഞതെന്ന് മഹേന്ദ്രന്റെ അമ്മൂമ്മയും പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ അവന് വെള്ളം പോലും കുടിക്കാന്‍ പറ്റിയിരുന്നില്ല.
രണ്ടാഴ്ച വീട്ടില്‍ കഴിഞ്ഞ മഹേന്ദ്രന്‍ തിരിച്ച് പഴയ രൂപത്തില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അസുഖം ഭേദമാക്കാത്തതിനാല്‍ തൂത്തുക്കുടിയിലെ ആശുപത്രിയിലെത്തിച്ചു. അവിടെ വെച്ച് നടത്തിയ സ്‌കാനിംഗില്‍ തലച്ചോറില്‍ കാര്യമായ പരുക്കേറ്റതായും അണുബാധയുണ്ടായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവന്‍ ശനിയാഴ്ച മരിച്ചു- കുടുംബം പറഞ്ഞു.
തന്റെ മകന്‍ നിരപരാധിയായിരുന്നു. ഇതുവരം അവനെതിരെ ഒരു കേസും പോലും ഉണ്ടായിരുന്നു. അവനെ ആശ്രയിച്ചാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്തിനാണ് അവര്‍ അവനെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ല. അങ്ങേയറ്റം തകര്‍ന്നാണ് അവന്‍ സ്‌റ്റേഷനില്‍ നിന്ന് എത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും ഒന്നും പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു അവന്‍ – മഹേന്ദ്രന്റെ അമ്മ പറഞ്ഞു.

