തൊടുപുഴ കൊലപാതകം: തിരുവനന്തപുരത്ത് ഒരാള്‍ കൂടി പിടിയില്‍

തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ടു തിരുവനന്തപുരത്ത് നിന്നുമൊരാള്‍ കൂടി കസ്റ്റഡിയിലായിട്ടുണ്ട്. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി.

നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാമ്പില്‍ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതില്‍ ഒരാളില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മരിച്ച കൃഷ്ണനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന നെടുങ്കണ്ടം സ്വദേശിയായ യുവാവില്‍ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളുകള്‍ അഴിക്കുന്ന വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.

അന്വേഷണം പുരോഗമിക്കുകയാണ് കൂടുതല്‍ കാര്യങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള രണ്ടു പേര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരുടെ പേര് വിവരങ്ങളൊന്നും അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. പൈനാവ് പോലീസ് ക്യാമ്പില്‍ രഹസ്യമായാണ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നത്.

prp

Related posts

Leave a Reply

*