ഇസ്ലാമാബാദ് : ഇന്ത്യയുള്‍പ്പടെ തേടുന്ന കൊടും ഭീകരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കണ്ടെത്താന്‍ താലിബാന്റെ സഹായം തേടി പാകിസ്ഥാന്‍.
പാകിസ്ഥാനില്‍ ഏറെ നാളായി സുഖജീവിതം നയിച്ച മസൂദിനെ യുഎന്‍ ഭീകരനായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് പാകിസ്ഥാന് പരസ്യമായി തള്ളിപ്പറയേണ്ടി വന്നത്. ഭീകരന്‍മാരെ സംരക്ഷിച്ചാല്‍ വിദേശത്ത് നിന്നും വായ്പയടക്കമുള്ള സഹായങ്ങള്‍ ലഭിക്കില്ലെന്നതാണ് താലിബാന്റെ സഹായം തേടാന്‍ പാകിസ്ഥാനെ പ്രേരിപ്പിച്ചത്. മസൂദ് അസ്ഹറിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയമാണ് താലിബാന് കത്തെഴുതിയത്. ഭീകരന്‍ അഫ്ഗാനില്‍ ഒളിവില്‍ കഴിയുന്നു എന്നാണ് പാകിസ്ഥാന്റെ വാദം.
യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചതോടെയാണ് മസൂദ് അസറിനെതിരെ നടപടിയെടുക്കാന്‍ പാകിസ്ഥാന് മേല്‍ പാശ്ചാത്യ ശക്തികളുടെ സമ്മര്‍ദ്ദമുണ്ട്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലോ കുനാര്‍ പ്രവിശ്യയിലോ മൗലാന മസൂദ് അസ്ഹര്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പാക് അധികൃതര്‍ നല്‍കുന്ന വിവരം. തീവ്രവാദികളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നതിനാല്‍ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക്കില്‍ ഗ്രേ ലിസ്റ്റിലാണ് പാകിസ്ഥാന്റെ സ്ഥാനം. ഇതില്‍ നിന്നും പുറത്ത് കടക്കണമെങ്കില്‍ പാകിസ്ഥാന് ഭീകരരെ പൂട്ടിയേ കഴിയു.
ഇന്ത്യ തേടുന്ന ഭീകരന്‍
2019 ഫെബ്രുവരിയില്‍ 40 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ചാവേര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് മസൂദ് അസ്ഹര്‍. മുന്‍പ് ഇന്ത്യയില്‍ അറസ്റ്റിലായ ഇയാളെ 1999ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്താണ് മോചിപ്പിച്ചത്. 2019 ഫെബ്രുവരിയില്‍ ജമ്മു കാശ്മീരിലെ പുല്‍വാമ ആക്രമണത്തിന് ശേഷമാണ് ഇയാളെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ശക്തമായ നടപടികളാണ് യു എന്നില്‍ ഇത് സാദ്ധ്യമാക്കിയത്.

