റെബലാകാതെ ഇടം ഉറപ്പിച്ച്‌ തരൂര്‍

ന്യൂഡല്‍ഹി: വിമതന്‍റെ ചാപ്പകുത്തിപ്പോകുമായിരുന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുകളത്തില്‍ തോല്‍ക്കുമെന്ന് ഉറപ്പിച്ചെങ്കിലും തലയുയര്‍ത്തിനില്‍ക്കാനായത് ശശി തരൂരിന്‍റെ നേട്ടം.

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പുചരിത്രത്തില്‍ സ്ഥാനംപിടിച്ചതിനൊപ്പം, പാര്‍ട്ടിക്കാര്‍ കാതോര്‍ക്കുന്ന തിരുത്തല്‍ശബ്ദമായി മാറാനും ചുരുങ്ങിയ സമയംകൊണ്ട് തരൂരിന് കഴിഞ്ഞു. ഫലത്തില്‍ തോല്‍ക്കുമ്ബോഴും ജയിക്കുകയാണ് തരൂര്‍.

ഏകപക്ഷീയമായ തെരഞ്ഞെടുപ്പ് എന്ന വിമര്‍ശനത്തെ അതിജീവിക്കാന്‍ തരൂരിന്‍റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനും സഹായകമായി. നെഹ്റുകുടുംബത്തിന്‍റെ ഇംഗിതം നടപ്പാക്കാനൊരു പകരക്കാരനെ തെരഞ്ഞെടുക്കുന്ന വെറും വഴിപാടായിത്തന്നെ രാഷ്ട്രീയ എതിരാളികള്‍ ഇനിയുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ കാണുമെന്ന് വ്യക്തമാണ്.

എന്നാല്‍, വോട്ടര്‍പട്ടികയും ബാലറ്റ് പേപ്പറും ബൂത്തും മഷിയടയാളവുമൊക്കെയായി, ഈ പാര്‍ട്ടിയില്‍ ജനാധിപത്യമുണ്ടെന്ന് വരുത്താന്‍ കോണ്‍ഗ്രസിനായത് എതിര്‍സ്ഥാനാര്‍ഥിയുടെ കരുത്തുകൊണ്ടുകൂടിയാണ്.

നല്ലനിലക്ക് തെരഞ്ഞെടുപ്പ് നടന്നത് പാര്‍ട്ടിക്ക് ഗുണകരമായെന്ന് പ്രിയങ്ക ഗാന്ധി തിങ്കളാഴ്ച രാവിലെ ശശി തരൂരിനെ അറിയിച്ചതില്‍ നെഹ്റുകുടുംബത്തിന്‍റെ കാഴ്ചപ്പാടുകൂടിയാണ് തെളിഞ്ഞത്. യുദ്ധമല്ല, മത്സരമാണ് നടക്കുന്നതെന്നും നെഹ്റുകുടുംബത്തിന് നിഷ്പക്ഷനിലപാടാണ് തെരഞ്ഞെടുപ്പില്‍ ഉള്ളതെന്നും അടിക്കടി ആവര്‍ത്തിച്ചുകൊണ്ടിരുന്ന തരൂരിന്, ആരോഗ്യകരമായ മത്സരമാണ് നടക്കുന്നതെന്ന പ്രതീതി പുറത്തും അകത്തും സൃഷ്ടിക്കാനും സാധിച്ചു.

നെഹ്റുകുടുംബത്തിന്‍റെ അപ്രിയം സമ്ബാദിക്കാതിരിക്കാന്‍ തുടക്കം മുതല്‍തന്നെ ശശി തരൂര്‍ ശ്രദ്ധിച്ചിരുന്നു. പാര്‍ട്ടി നിയന്ത്രിച്ചുവരുന്ന മൂന്നു നെഹ്റുകുടുംബാംഗങ്ങളെയും ചെന്നുകണ്ട്, താന്‍ മത്സരിക്കുന്നതില്‍ ഏതെങ്കിലും വിധത്തിലുള്ള നീരസം ഉണ്ടാകാനുള്ള സാധ്യത തരൂര്‍ തുടക്കത്തില്‍തന്നെ അടച്ചു.

നെഹ്റുകുടുംബത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഭാവിയിലും പാര്‍ട്ടിക്ക് ഉണ്ടാകേണ്ടതുണ്ടെന്ന് ഖാര്‍ഗെയെപ്പോലെ തന്നെ ആവര്‍ത്തിച്ചു. ഇതെല്ലാം വഴി റെബലല്ല തരൂര്‍ എന്ന പ്രതീതി പാര്‍ട്ടിക്കുള്ളില്‍ സൃഷ്ടിക്കുകയും ചെയ്തു. നയതന്ത്രമേഖലയില്‍നിന്ന് കോണ്‍ഗ്രസിലേക്കും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലേക്കും നെഹ്റുകുടുംബമാണ് ശശി തരൂരിനെ നൂലില്‍ കെട്ടിയിറക്കിയത്.

പാര്‍ട്ടിയിലെ ട്രെയിനി മാത്രമാണ് തരൂരെന്ന വിമര്‍ശനവും തെരഞ്ഞെടുപ്പുകാലത്ത് ഉയര്‍ന്നെങ്കിലും, ഇനിയങ്ങോട്ടുള്ള നാളുകളില്‍ കോണ്‍ഗ്രസിലെ ശ്രദ്ധിക്കപ്പെടുന്ന ശബ്ദമായിരിക്കും തരൂര്‍. സ്ഥാനാര്‍ഥിത്വത്തിലൂടെ പല നേതാക്കളെയും ഇക്കാര്യത്തില്‍ അദ്ദേഹം കടത്തിവെട്ടി.

ജയിക്കുന്നതിനെക്കാള്‍, കോണ്‍ഗ്രസിലെ തന്‍റെ ഇടവും ശബ്ദവും ഉറപ്പിക്കുന്ന ദൗത്യം സ്ഥാനാര്‍ഥിത്വത്തിലൂടെ തരൂര്‍ നേടിയെടുത്തു. വിമതനായി കണ്ട് അവഗണിക്കാനോ പുറന്തള്ളാനോ കഴിയാത്തവിധം തരൂര്‍ സ്വന്തം നിലപാടുതറ ഉറപ്പിച്ചു. ജി-23 അപ്രസക്തവും തരൂര്‍ പ്രസക്തവുമായി മാറിയ തെരഞ്ഞെടുപ്പാണ് ഫലത്തില്‍ നടന്നത്.

മത്സരിച്ചത് പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി -തരൂര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് വ്യക്തിപരമായ നേട്ടത്തിനല്ല പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടിയാണെന്ന് ശശി തരൂര്‍. വോട്ട് ചെയ്യാന്‍ കെ.പി.സി.സി ആസ്ഥാനത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ നല്ല ആത്മവിശ്വാസമുണ്ട്. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഖാര്‍ഗെയുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹത്തോട് ആദരവുണ്ട്. ഫലം എന്തായാലും പാര്‍ട്ടിയുടെ വിജയത്തിന് കൂട്ടായ പങ്കാളിത്തമുണ്ടാകും.

ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും നിഷ്പക്ഷമായിരിക്കുമെന്നും നെഹ്റു കുടുംബം പറഞ്ഞതില്‍ പൂര്‍ണമായി വിശ്വസിക്കുന്നു. പാര്‍ട്ടിയിലെ മാറ്റത്തിനുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നത്. താഴെത്തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

prp

Leave a Reply

*