കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മാതാപിതാക്കളില്‍ 90 ശതമാനം പേരും പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കാന്‍ താല്‍പര്യമുള്ളവരെന്ന് റിപ്പോര്‍ട്ട്.ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങള്‍ വഴി നടത്തിയ വോട്ടെടുപ്പിലാണ് ഈ സുപ്രധാന കാര്യം വ്യക്തമാക്കുന്നത്.
കുട്ടികളെ സ്കൂളില്‍ അയക്കണോ വേണ്ടയോ എന്ന് വോട്ടുചെയ്യാന്‍ രക്ഷിതാക്കള്‍ക്ക് ആവശ്യപ്പെട്ട് കൊണ്ട് പ്രാദേശിക മാദ്ധ്യമമായ ടോളോ ന്യൂസ് വോട്ടെടുപ്പ്് നടത്തിയിരുന്നു. ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ നടത്തിയ വോട്ടെടുപ്പ് പ്രകാരം 90% ആളുകളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് അനുകൂലമായി വോട്ട് ചെയ്തു.ആറാം ക്ലാസ്സിന് മുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കാന്‍ മാതാപിതാക്കള്‍ തയ്യാറല്ലെന്ന് താലിബാന് വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ സ്കൂളുകള്‍ തുറക്കുന്നില്ലെന്നും
മന്ത്രാലയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സമൂഹമാദ്ധ്യമങ്ങള്‍ വഴി വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
34,100-ലധികം ആളുകള്‍ ഫേസ്ബുക്കില്‍ വോട്ട് രേഖപ്പെടുത്തി. 89.7% പേര് പെണ്‍കുട്ടികള്‍ക്കായി സ്കൂള്‍ തുറക്കുന്നതിനെ പിന്തുണക്കുകയും 10.3% പേര് എതിര്‍ക്കുകയും ചെയ്തു.ഇന്‍സ്റ്റാഗ്രാമില്‍ 9,820 ഉപയോക്താക്കളാണ് പങ്കെടുത്തത്. 8,998 പേര് പെണ്‍കുട്ടികളുടെ സ്കൂള്‍ വിദ്യാഭ്യാസത്തിന് വോട്ട് ചെയ്തു, 5% പേര് പിന്തുണച്ചിട്ടില്ല.3% പേര്‍ക്ക് അഭിപ്രായമില്ലെന്നും വ്യക്തമാക്കി. ആകെ കണക്കുകള്‍ പ്രകാരം 10 ശതമാനം പേരാണ് പെണ്‍കുട്ടികളെ സ്കൂളില്‍ അയക്കുന്നത് സംബന്ധിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഇത്തരക്കാരെ പറഞ്ഞ് മനസിലാക്കാന്‍ കഴിയുമെന്ന് വനിതകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന മറിയം മറോഫ് അര്‍വിന്‍ പറഞ്ഞു.
താലിബാന് ഭരണകൂടം അധികാരം പിടിച്ചെടുത്തതു മുതല്‍ ആറാം ക്ലാസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്കൂളില്‍ പോകുന്നത് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അഫ്ഗാന് പൗരന്മാര് സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് എതിരല്ലെന്നും വളരെ കുറച്ച് ആളുകള്‍ തെറ്റിധാരണ കാരണം മാത്രമാണ് എതിര്‍ക്കുന്നതെന്നും അര്‍വിന്‍ സൂചിപ്പിച്ചു.രാജ്യത്തെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും നല്‍കുമെന്ന വാഗ്ദാനത്തിലാണ് ഭീകര സംഘടന അധികാരത്തിലേറിയത്. എന്നാല്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്കൂളുകളില്‍ നിന്നും അധ്യാപകരെയും കുട്ടികളെയും വിലക്കിയിരുന്നു.

