ന്യൂഡെല്‍ഹി:( 13.09.2021) ഇന്‍ഡ്യന്‍ ക്രികെറ്റ് ടീം നായകന്‍ വിരാട് കൊഹ്‌ലി ടി20 ലോകകപിന് ശേഷം പരിമിത ഓവര്‍ ക്രികെറ്റില്‍ നായകസ്ഥാനം ഒഴിയുമെന്ന് റിപോര്‍ട്. ഏകദിനത്തിലും ട്വന്റി20 മത്സരങ്ങളിലും, അല്ലെങ്കില്‍ ട്വന്റി20 മത്സരങ്ങളില്‍ മാത്രമായെങ്കിലും രോഹിത് ശര്‍മ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്‍കി.
ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് വിരാട് പരിമിത ഓവര്‍ ക്രികെറ്റിലെ നായകത്വം ഒഴിയുന്നതെന്നും, രോഹിതിനൊപ്പം നേതൃത്വപരമായ ഉത്തരവാദിത്വങ്ങള്‍ പങ്കിടാന്‍ അദ്ദേഹം തീരുമാനമെടുത്തതായും ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു. ഈ വര്‍ഷത്തെ ടി20 ലോകകപിന് ശേഷമാകും പ്രഖ്യാപനം ഉണ്ടാകുകയെന്നും റിപോര്‍ടില്‍ സൂചിപ്പിക്കുന്നു.
ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ നിലവില്‍ വിരാട് കൊഹ്‌ലിയാണ് ഇന്‍ഡ്യയെ നയിക്കുന്നത്. ഐ പി എലില്‍ മുംബൈ ഇന്‍ഡ്യന്‍സ് നായക സ്ഥാനത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്ന രോഹിത് ശര്‍മ ട്വന്റി20 മത്സരങ്ങളില്‍ ഇന്‍ഡ്യയെ നയിക്കണമെന്ന് മുന്‍ താരങ്ങള്‍ അടക്കമുള്ളവര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
നായകസ്ഥാനം കൈമാറുന്നത് സംബന്ധിച്ച് ടീം മാനേജ്‌മെന്‍റുമായി കൊഹ്‌ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി ചര്‍ച ചെയ്തുവരികയാണ് എന്ന് റിപോര്‍ടില്‍ പറയുന്നു. ‘കൊഹ്‌ലി തന്നെ പ്രഖ്യാപനം നടത്തും. തന്റെ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എക്കാലത്തെയും മികച്ച ഫോമിലേക്ക് തിരിച്ചെത്താനുമാണ് കൊഹ്‌ലി ആഗ്രഹിക്കുന്നത്’- ബി സി സി ഐയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്‍ഡ്യ റിപോര്‍ട് ചെയ്തു.
2015ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചത്തോടെയാണ് ക്യാപ്റ്റന്‍ സ്ഥാനം കൊഹ്‌ലിയിലേക്ക് എത്തുന്നത്. നിശ്ചിത ഓവര്‍ ക്രികെറ്റില്‍ ധോണി ക്യാപ്റ്റന്‍ സ്ഥാനം കൊഹ്‌ലിക്ക് കൈമാറുന്നത് 2017ലാണ്. 65 ടെസ്റ്റുകളില്‍ ഇന്‍ഡ്യയെ നയിച്ച കൊഹ്‌ലി 38 ഉം 95 ഏകദിനങ്ങളില്‍ 65 ഉം 45 ടി20കളില്‍ 29 ഉം വിജയങ്ങള്‍ നേടി. എന്നാല്‍ ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്ബോഴും സമീപകാലത്ത് ബാറ്റിംഗില്‍ കൊഹ്‌ലിക്ക് താളം നഷ്‌ടപ്പെട്ടിരിക്കുകയാണ്.
അതേസമയം രോഹിത് ശര്‍മ തന്റെ കരിയറിലെ മികച്ച ഫോമിലാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോള്‍ ഓപണര്‍മാരില്‍ ഒരാളായ രോഹിത്, മുംബൈ ഇന്‍ഡ്യന്‍സിന്റെ നായകനായി അഞ്ച് ഐ പി എല്‍ കിരീടങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

