തിരുവനന്തപുരം: തിരുവനന്തപുരം ചെമ്ബക സ്കൂളിലെ ഡ്രൈവറായിരുന്ന വട്ടപ്പാറ മരുതൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ ശ്രീകുമാറിന്റെ മൃതദേഹം ഓട്ടോയ്ക്കുളളില്‍ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തി. ജോലി നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് ശ്രീകുമാറിന്റെ ആത്മഹത്യ എന്നാണ് സംശയം.
50 വയസായിരുന്നു. ലോക്ക്ഡൗണ്‍ സമയത്ത് സ്കൂളിലെ അമ്ബതോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇവര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്കൂളിന് മുന്നില്‍ സമരം നടത്തി വരികയായിരുന്നു. ശ്രീകുമാറും സമരത്തില്‍ പങ്കെടുത്തിരുന്നു. ഇയാളുടെ ഭാര്യ ബിന്ദുവും സ്കൂളിലെ ജീവനക്കാരിയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ശ്രീകുമാര്‍ ഓട്ടോ ഓടിക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് സ്കൂളിന് സമീപം ഓട്ടോറിക്ഷയില്‍ കത്തികരിഞ്ഞ നിലയില്‍ ശ്രീകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് സംശയം. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും മൃതദേഹം പൂര്‍ണമായും കത്തികരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഗായത്രി, മീനു എന്നിവരാണ് മക്കള്‍.
