സ്പീക്കര്‍ പ്രതിക്കൂട്ടില്‍; ബജറ്റ് സമ്മേളനം പ്രക്ഷുബ്ധമാകും

തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിനു ശേഷം ഇന്ന് നിയമസഭ സമ്മേളിക്കുമ്ബോള്‍ കാത്തിരിക്കുന്നത് പ്രക്ഷുബ്ധ ദിനങ്ങള്‍. സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്താനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. പതിവില്‍ നിന്നു വ്യത്യസ്തമായി സ്പീക്കര്‍ തന്നെ അഴിമതി ആരോപണത്തിനു വിധേയനായ പശ്ചാത്തലത്തിലാണ് സമ്മേളനം. അതുകൊണ്ടു തന്നെ സുഗമമായി സഭ മുന്നോട്ടുകൊണ്ടുപോകുകയെന്നത് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നേരിടുന്ന വെല്ലുവിളിയാണ്.

നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം ഇന്ന് സഭ ചേരുമെങ്കിലും അന്തരിച്ച ചങ്ങനാശ്ശേരി എംഎല്‍എ സി.എഫ്. തോമസിന്റെയും മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പിരിയും. ഗവര്‍ണര്‍ക്കുള്ള നന്ദി പ്രമേയത്തിന്മേല്‍ ചര്‍ച്ച ആരംഭിക്കാന്‍ നാളെ സഭ ചേരുന്ന വേളയില്‍ തന്നെ പ്രതിഷേധമാരംഭിക്കും. മുഖ്യമന്ത്രി നാളെ മറുപടി നല്‍കേണ്ട ചോദ്യോത്തരവേളയില്‍ തന്നെ സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം എത്തും. സ്വര്‍ണ, ഡോളര്‍ കടത്തുകളില്‍ ആരോപണവിധേയനായ പി. ശ്രീരാമകൃഷ്ണനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുക എന്നതാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

വിദേശത്തേക്കു 1.90 കോടിയുടെ ഡോളര്‍ കടത്തിയ കേസില്‍ സ്പീക്കര്‍ക്കെതിരെയുള്ള സ്വപ്നയുടെയും സരിത്തിന്റെയും മൊഴിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനെ കസ്റ്റംസ് മണിക്കൂറുകള്‍ ചോദ്യം ചെയ്തിരുന്നു. അയ്യപ്പനെ നിയമസഭയുടെ പ്രത്യേക പരിരക്ഷ വാദമുയര്‍ത്തി കസ്റ്റംസിനു മുന്നില്‍ ഹാജരാകാതെ സംരക്ഷിക്കാന്‍ ശ്രമിച്ചതും വിവാദമായി. സ്പീക്കറില്‍ നിന്ന് വിവരം ശേഖരിക്കുന്നതിനെക്കുറിച്ച്‌ കസ്റ്റംസ് കഴിഞ്ഞ ദിവസം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സഭാ സമ്മേളനം കഴിയുന്ന വേളയില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴിയെടുക്കുന്നതില്‍ തടസമില്ലെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സഭ കഴിയുന്ന വേളയില്‍ സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ് നല്‍കുമെന്ന സാഹചര്യം കൂടി മുന്നില്‍ക്കണ്ടാണ് പ്രതിപക്ഷം സ്പീക്കര്‍ക്കെതിരെ കര്‍ശന നിലപാടെടുക്കുന്നത്.

സ്പീക്കര്‍ക്കെതിരെ അവിശ്വാസം രേഖപ്പെടുത്തിയുള്ള പ്രമേയം സഭയില്‍ ചര്‍ച്ചയ്ക്കു വരുമെങ്കിലും സഭയുടെ അവസാനദിനങ്ങളിലാവും ഇത് പരിഗണിക്കുക. തെരഞ്ഞെടുപ്പ് വിജയവും കെ.എം. ഷാജിയുടെയും ഇബ്രാഹിംകുഞ്ഞിന്റെയും കമറുദ്ദീന്റെയും കേസുകളും ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നീക്കം പ്രതിരോധിക്കാനാ

ണ് ഭരണപക്ഷത്തിന്റെ നീക്കം. മൂന്നു ദിവസത്തെ നന്ദി പ്രമേയ ചര്‍ച്ചയ്ക്കു ശേഷം വെള്ളിയാഴ്ചയാണ് ബജറ്റവതരണം. ബജറ്റ് സര്‍ക്കാര്‍ നേട്ടമായി കൊട്ടിഘോഷിക്കാന്‍ ഭരണപക്ഷം തയാറെടുക്കുന്നതിനെതിരെ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും ലൈഫ് അഴിമതിയുമുയര്‍ത്തി കൊണ്ടുവരികയെന്നതാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ ബജറ്റ് ദിനത്തില്‍ പോലും സഭ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചേക്കും.

prp

Leave a Reply

*