ശ്രീലങ്കയില്‍ ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച കൂറ്റന്‍ ടവര്‍ തുറക്കുന്നു

കൊളംബോ : ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച കൂറ്റന്‍ കമ്മ്യൂണിക്കേഷന്‍ ടവര്‍ തുറക്കാനൊരുങ്ങി ശ്രീലങ്ക. പുറത്താക്കപ്പെട്ട രാജപക്സമാരും ചൈനയും തമ്മിലെ അടുപ്പത്തിന്റെ പ്രതീകമാണ് പച്ച,​ പിര്‍പ്പിള്‍ നിറങ്ങളിലെ ഈ ടവര്‍.

‘ ലോട്ടസ് ടവര്‍ ” എന്ന ഈ ടവറിന് 1,155 അി ഉയരമുണ്ട്. മഹിന്ദ രാജപക്സ പ്രസിഡന്റായിരിക്കെ 2012ല്‍ നിര്‍മ്മാണം ആരംഭിച്ച ഈ ടവര്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയാണ് ഇതുവരെ തുറക്കാതിരുന്നത്. ഏകദേശം 113 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് ഇത് നിര്‍മ്മിച്ചത്. കൊളംബോയുടെ എല്ലാ ഭാഗത്ത് നിന്നും ഈ ടവര്‍ കാണാനാകും.

വ്യാഴാഴ്ച മുതല്‍ ടവറിലെ ഒബ്സര്‍വേഷന്‍ ഡെക്ക് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുമെന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊളംബോ ലോട്ടസ് ടവര്‍ മാനേജ്‌മെന്റ് കമ്ബനി അറിയിച്ചു. മിനുക്ക് പണികള്‍ക്കും മറ്റും ചെലവായ വന്‍ തുക ടിക്കറ്റ് നിരക്കിലൂടെ തിരിച്ചുപിടിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

ടവറിലെ ഓഫീസും ഷോപ്പ് സ്പേസും വാടകയ്ക്ക് നല്‍കാനാകുമെന്നും അധികൃതര്‍ പറയുന്നു. ഒബ്സര്‍വേഷന്‍ ഡെക്കിന് തൊട്ടുതാഴെയുള്ള റെസ്റ്റോറന്റും ഇതില്‍പ്പെടുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനാകുന്ന ഇവിടം ഒരു മികച്ച ടൂറിസ്റ്റ് കേന്ദ്രമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേ സമയം, ഒരു കമ്മ്യൂണിക്കേഷന്‍ ടവറായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നാണ് ശ്രീലങ്കന്‍ ബ്രോഡ്കാസ്റ്റര്‍മാരുടെ പ്രതികരണം. ശ്രീലങ്കയെ ടവറിന്റെ പരിധിയ്ക്കുള്ളില്‍ മുഴുവനായി ഉള്‍ക്കൊള്ളിക്കാനോ നിലവിലെ പ്രക്ഷേപണം മെച്ചപ്പെടുത്താനോ കഴിയില്ല എന്നതാണ് കാരണം.

ബീജിംഗിലെ 405 മീറ്റര്‍ ഉയരമുള്ള സെന്‍ട്രല്‍ റേഡിയോ ആന്‍ഡ് ടി.വി ടവറിന്റെ മാതൃകയിലാണ് രാജപക്സ ലോട്ടസ് ടവറിനെ അവതരിപ്പിച്ചത്. രാജപക്സ ഭരണകാലത്ത് ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ചവയെല്ലാം ‘ വെള്ളാന”കള്‍ ആയി മാറിയ ചരിത്രമാണുള്ളത്. ഹാംബന്‍തോട്ടയിലെ തുറമുഖം ഇതിനുദാഹരണമാണ്. ചൈനീസ് വായ്പയില്‍ നിര്‍മ്മിച്ച ഹാംബന്‍തോട്ട ഒടുവില്‍ തിരിച്ചടയ്ക്കാനാകാതെ വന്നതോടെ 2017ല്‍ ചൈനയ്ക്ക് തന്നെ 99 വര്‍ഷത്തെ പാട്ടത്തിന് കൊടുക്കേണ്ടി വന്നു. ലോട്ടസ് ടവറും അതുപോലെ ആയേക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

prp

Leave a Reply

*