ശ്രീറാമിനും വഫക്കുമെതിരായ നരഹത്യ കേസ് ഒഴിവാക്കി; വിടുതല്‍ ഹര്‍ജിയില്‍ വിധി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനുമെതിരായ നരഹത്യ വകുപ്പ് ഒഴിവാക്കി.

പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്.

കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒന്നിലേക്കാണ് കേസിന്റെ വിചാരണ മാറ്റിയത്. ജൂലൈ 20 ന് വിചാരണ ആരംഭിക്കാനും കോടതി ഉത്തരവിട്ടു.

കേസില്‍ ശ്രീറാമിനെതിരെ 304 (2) വകുപ്പ് ആണ് പൊലീസ് ചുമത്തിയിരുന്നത്. 304 (2) അനുസരിച്ച്‌ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാല്‍ അശ്രദ്ധയോടെ വാഹനം ഓടിച്ച്‌ അപകടമരണത്തിന് ഇടയാക്കുന്ന 304 (എ) വകുപ്പ് ആയി കോടതി മാറ്റി. 304 (എ) അനുസരിച്ച്‌ രണ്ടുവര്‍ഷം വരെയാണ് ശിക്ഷ.

അപകടകരമായി വാഹനം ഓടിച്ചതിനുള്ള 279 വകുപ്പും മോട്ടര്‍വാഹന നിയമത്തിലെ 184 വകുപ്പും നിലനില്‍ക്കും. വഫയ്ക്കെതിരെ 184 വകുപ്പ് മാത്രമാണുള്ളത്. പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗം അപകട കാരണമായെന്നും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ വെമ്ബായം എ എ ഹക്കിം വാദിച്ചു.

എന്നാല്‍ മദ്യപിച്ച്‌ വാഹനം ഓടിച്ചത് തെളിയിക്കാനാവശ്യമായ രേഖകളൊന്നും അന്വേഷണസംഘത്തിന് ഹാജരാക്കാനായില്ലെന്ന് ശ്രീറാം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം തുടക്കം മുതലേ വൈദ്യപരിശോധന വൈകിപ്പിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ പറഞ്ഞു. 10 മണിക്കൂറിന് ശേഷമാണ് ശ്രീറാം വൈദ്യപരിശോധനയ്ക്ക് സമ്മതിച്ചതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് മ്യൂസിയത്തിന് സമീപം വച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെ എം ബഷീറിനെ ഇടിച്ച വാഹനം. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്.

prp

Leave a Reply

*