ശ്രീലങ്കന്‍ സ്വദേശിനി ശശികല സന്നിധാനത്തെത്തി; സ്ഥിരീകരിച്ച് പൊലീസ്- video

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിനി സന്നിധാനത്തെത്തിയതിന് സ്ഥിരീകരണം. യുവതി പ്രവേശിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയാണ് 47കാരിയായ ശശികല സന്നിധാനത്തെത്തിയത്.

പൊലീസിന്‍റെ അനുമതിയോടെ ഇന്നലെ വൈകീട്ട് ഏഴ് മണിക്ക് മലകയറാൻ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തീർത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നുമാണ് പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞത്. വ്രതം നോറ്റാണ് എത്തിയത്. ഗർഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കിയിരുന്നു. തനിക്ക് ഭയമില്ലെന്നും താന്‍ യഥാര്‍ത്ഥ ഭക്തയാണെന്നും അവര്‍ പറഞ്ഞിരുന്നു. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.

ഭാര്യയ്ക്കൊപ്പം പമ്പയിൽ നിന്ന് മഫ്തി പൊലീസിനോടൊപ്പം മലകയറിയെങ്കിലും ശബരിപീഠത്തിൽ എത്തിയപ്പോൾ മാധ്യമ ക്യാമറകൾ കണ്ട് കൂടെ ഉണ്ടായിരുന്ന പൊലീസുകാർ പിന്തിരിഞ്ഞെന്ന് ശരവണമാരൻ പറയുന്നു. ഇതെത്തുടർന്ന് ഭാര്യയെ കാണാതായതായി പരാതിപ്പെട്ട് രാത്രി പതിനൊന്നരയോടെ ഇയാൾ സന്നിധാനം പൊലീസ് എയ്‍ഡ് പോസ്റ്റിൽ എത്തുകയായിരുന്നു. തൊട്ടു പിന്നാലെ മാധ്യമങ്ങളുടെ കണ്ണിൽ പെടാതെ ശശികലയും പമ്പയിലെത്തി. മുഖം മറച്ച് പമ്പ കടക്കാനൊരുങ്ങിയ ശശികലയെ മാധ്യമ പ്രവർത്തകർ തിരിച്ചറിഞ്ഞു. പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് പൊട്ടിത്തെറിച്ചു. പതിനെട്ടാം പടിക്ക് സമീപമെത്തിയ തനിക്ക് പൊലീസ്  ദർശനാനുമതി നിഷേധിച്ചുവെന്ന് ആരോപണം ഉയര്‍ത്തി.

ശ്രീലങ്കൻ സ്വദേശിനി ദർശനം നടത്തിയെന്ന്​ മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറി എം.വി. ജയരാജനാണ് ഇക്കാര്യം​ സ്​ഥിരീകരിച്ചത്​​. ഭർത്താവ്​ അശോക കുമാരനൊപ്പമാണ്​ ശശികല എത്തിയത്​. വിശ്വാസികളായ ഇവർ പതിനെട്ടാം പടി വഴി സന്നിധാനത്ത്​ എത്തുകയും ദർശനം കഴിഞ്ഞ്​ മടങ്ങുകയായിരുന്നുവെന്നും ജയരാജൻ വ്യക്തമാക്കി. എന്നാൽ, ശശികല ദർശനം നടത്തിയിട്ടില്ലെന്നും ശരംകുത്തിവരെ എത്തിയപ്പോൾ പ്രതിഷേധം ഭയന്ന്​  മടങ്ങിയതായും  ഇവരുടെ ഭർത്താവ്​ അശോക് കുമാരൻ സന്നിധാനത്ത്​ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ശ്രീലങ്കൻ സ്വദേശി ശശികല (47 ) ഇന്നലെ സന്നിധാനത്തെത്തി

Posted by Asianet News on Thursday, January 3, 2019

Related posts

Leave a Reply

*