ആലപ്പുഴ: പൈതൃകപദ്ധതിയുടെ ഭാഗമായി പോര്‍ട്ട് മ്യൂസിയത്തില്‍ സ്ഥാപിക്കുന്ന പടക്കപ്പലിെന്റ വരവും കാത്ത് ആലപ്പുഴ നഗരം. വെള്ളിയാഴ്ച എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സുരക്ഷകണക്കിലെടുത്ത് ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ അനുമതി നല്‍കിയില്ല. ഇതോടെ, കലവൂരില്‍നിന്ന് ആലപ്പുഴ വരെയുള്ള 10 കിലോമീറ്റര്‍ യാത്രാതടസ്സം നേരിട്ടു. അനുമതി കിട്ടുന്നതിന് പിന്നാലെ യുദ്ധക്കപ്പല്‍ ആലപ്പുഴയിലേക്ക് എത്തിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
60 ടണ്‍ ഭാരമുള്ള പഴയയുദ്ധക്കപ്പല്‍ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് (ഇന്ഫാക്ടി-81) 96 ചക്രങ്ങളും 12 ആക്സില്‍ സംവിധാനവുമുള്ള പ്രത്യേകവാഹനത്തില്‍ തണ്ണീര്‍മുക്കത്തുനിന്ന് യുദ്ധസമാനമായ സുരക്ഷയൊരുക്കിയാണ് കലവൂര്‍ വരെ എത്തിച്ചത്. രണ്ടുദിവസമായി കപ്പല്‍ ഇവിടെയാണ് പാര്‍ക്ക് ചെയ്യുന്നത്. ആലപ്പുഴ ബൈപാസിലൂടെ പ്രവേശിച്ച് ബീച്ചിന് സമീപത്തെ പാലത്തിലൂടെ വലിയ ക്രെയിന്‍ ഉപയോഗിച്ച് ഇറക്കാനാണ് തീരുമാനം. എന്നാല്‍, ക്രെയിന്‍ ഉപയോഗിച്ച് ബൈപാസില്‍നിന്ന് താഴേക്ക് ഇറക്കുമ്ബോഴുള്ള സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്.
ഉയരത്തില്‍നിന്ന് ക്രെയിനില്‍ കപ്പലിറക്കുമ്ബോള് ഉണ്ടാകാവുന്ന സാങ്കേതിക പ്രശ്നങ്ങളടക്കം ചര്‍ച്ചനടത്തിയശേഷം അനുമതി നല്‍കും. കപ്പല്‍ സ്ഥാപിക്കാനുള്ള സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനുള്ള റോഡിെന്റ പണി പൂര്‍ത്തിയാക്കാന്‍ വൈകിയതും യാത്രനീളാന് കാരണമായി. നാവികസേനയുടെ പഴയ യുദ്ധക്കപ്പല്‍ കാണാനും സെല്‍ഫിയെടുക്കാനും ദൂരസ്ഥലങ്ങളില്‍നിന്നുപോലും നിരവധിപേരാണ് എത്തുന്നത്. തിങ്കളാഴ്ച ബീച്ച് കൂടി തുറക്കുന്നതോടെ ‘കപ്പല്‍’ കാണാന്‍ വന്തിരക്കുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ആലപ്പുഴ കടല്‍പ്പാലത്തിന് സമീപത്തായി സജ്ജീകരിച്ച പ്രത്യേക സ്ഥലത്താണ് കപ്പല്‍ താല്‍ക്കാലികമായി സ്ഥാപിക്കുന്നത്. പിന്നീടത് പൈതൃക മ്യൂസിയത്തിലേക്ക് മാറ്റും.

