റിയാദ്: മലയാളികള്‍ക്ക് യുദ്ധാനുഭവം ഉണ്ടായിട്ടില്ല എന്ന് പറയുന്നത് കളവാണെന്ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.
അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ റിയാദിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. മലയാളികള്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ യുദ്ധങ്ങളില്‍ ഒന്നില്‍ അടരാടിയ തീക്ഷ്ണമായ അനുഭവം അവര്‍ക്കുണ്ട്. ദാരിദ്ര്യത്തിനെതിരെയാണ്, പ്രവാസം എന്ന അക്കരപ്പച്ചയിലെത്താനാണ് അവര്‍ ആ യുദ്ധം നടത്തിയത്. പിറന്ന നാടിനെയും പെറ്റ വയറിനെയും കൂടെപ്പിറന്നവരെയും കൂടെ കിടക്കുന്നവരെയും ഉപേക്ഷിച്ച് ഉപജീവനം തേടി കടലിന്റെ പ്രക്ഷുബ്ധതയിലേക്ക് എടുത്തുചാടിയത് യുദ്ധക്കളത്തിലേക്ക് ഓടിക്കയറുന്നതുപോലെയായിരുന്നു. കാറുംകോളും നിറഞ്ഞ് ഇളകിമറിയുന്ന കടലിന്റെ പ്രതികൂലതകളോട് പടപൊരുതി പത്തേമാരികളില്‍ അക്കരപ്പച്ചയിലേക്ക് അവര്‍ സാഹസപ്പെട്ട് നീങ്ങിയത് യുദ്ധസമാനമായ അന്തരീക്ഷത്തിലൂടെയാണ്.
ചിലര്‍ കടലിന്റെ നടുക്കുവെച്ച് തന്നെ പോര്‍ത്തട്ടില്‍ അടിതെറ്റിവീണ് തോല്‍വിയടഞ്ഞു. ചിലര്‍ കടലിലേക്ക് എടുത്തുചാടി ഒന്നുകില്‍ ജീവിതം അല്ലെങ്കില്‍ ധീരമായ മരണമെന്ന ദൃഢനിശ്ചയത്തിന്റെ കരുത്തില്‍ നീന്തി കരതൊട്ടു. അങ്ങനെ തീരംതൊട്ടവര്‍ വീണ്ടും യുദ്ധം തുടര്‍ന്നു. നേരിടാന്‍ പ്രതികൂലങ്ങളേ ഉണ്ടായിരുന്നുള്ളൂ. പോരാടി തോല്‍പിക്കാന്‍ പ്രതിബന്ധങ്ങളേ മുന്നിലുണ്ടായിരുന്നുള്ളൂ. മരുഭൂമിയില്‍ ഒരു ജീവിതം നട്ടുനനച്ചുവളര്‍ത്താന്‍ എത്ര ചോര വെള്ളമാക്കി അതിന്റെ ചുവട്ടിലൊഴിച്ചിരിക്കണം. ഇങ്ങനെ സ്വന്തം ചോരയും നീരും മജ്ജയും മാംസവും വളമാക്കി അവര്‍ പ്രവാസത്തിനായി മരുഭൂമിയില്‍ പച്ചപ്പൊരുക്കി. അവര്‍ ഒരുപാട് വെയിലുകൊണ്ടു, പിന്നാലെ വരുന്നവര്‍ക്ക് തണലൊരുക്കാന്‍. എന്നാല്‍ ആ ആദിമ പ്രവാസികളെ നാം സൗകര്യപൂര്‍വം മറന്നുകളഞ്ഞു. വിജയിച്ച് വലിയ വ്യവസായ സാമ്രാജ്യങ്ങള്‍ പടുത്തവരില്‍ മാത്രം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നതായി മാറിപ്പോയി പ്രവാസ ചരിത്രം.
മലപ്പുറം ജില്ലയിലെ കൊടിഞ്ഞിയില്‍നിന്ന് 26 പേര്‍ കയറിയ ഒരു ഉരു ഗള്‍ഫ് തീരം തേടി പോയതാണ്. അതങ്ങ് എത്തിയില്ല, തിരിച്ചെത്തിയതുമില്ല. അത്രയും പേരും കടലില്‍ മുങ്ങിയ ഉരുവിനോടൊപ്പം മറഞ്ഞുപോയി. അഗാധതയിലാണ്ടുപോയവര്‍ പ്രവാസത്തിന്റെ ചരിത്രത്തില്‍ ഉയിര്‍ത്തെഴുന്നേറ്റതേയില്ല. അതുപോലെ എത്രയെത്ര പേര്‍, ഒരു പേര് പോലും ബാക്കിവെക്കാതെ…
ഞാന്‍ മുമ്ബ് പത്രാധിപത്യം വഹിച്ചിരുന്ന ഒരു ആഴ്ചപ്പതിപ്പിനുവേണ്ടി ഇങ്ങനെ ഗള്‍ഫിലേക്ക് ലോഞ്ചിലും ഉരുവിലും കയറിപ്പോയവരെ കുറിച്ചൊരു പരമ്ബര തയാറാക്കിപ്പിച്ചിരുന്നു. കേരളത്തിലുടനീളം അത്തരം ആളുകളെയും സംഭവങ്ങളെയും കുറിച്ച് ഒരു അന്വേഷണം തന്നെ നടത്തി റഹ്മാന്‍ എന്ന റിപ്പോര്‍ട്ടര്‍ ആഴ്ചകള്‍ നീളുന്ന പരമ്ബര തയാറാക്കി. അത് പ്രതിവാരം പ്രസിദ്ധീകരിച്ചു. ഹൃദയഭേദകമായിരുന്നു ഓരോ അനുഭവകഥകളും. എത്രമാത്രം മനുഷ്യരാണ് പട്ടിണിയോട് പടവെട്ടി, കടലിനോട് പൊരുതി ഗള്‍ഫിലേക്കെന്ന് പറഞ്ഞ് പുറപ്പെട്ടുപോയത്.
അതിലെത്ര പേരാണ് യാത്രാമധ്യേ ഒടുങ്ങിപ്പോയത്. ദിവസങ്ങളോളമെടുക്കുന്ന കടല്‍യാത്രക്കിടെ പത്തേമാരിയില്‍ വെച്ച് കൂടപിറപ്പ് രോഗബാധിതനായി മരിച്ചപ്പോള്‍ ഖബറടക്കാന്‍ നിവൃത്തിയില്ലാതെ ഉള്ള തുണി കൊണ്ട് കഫന്‍ പൊതിഞ്ഞ് അത്യാവശ്യം മതാചാരമൊക്കെ പാലിച്ച്, തലയിലും കാലുകളിലും പിടിച്ചെടുത്ത് കടലിലേക്ക് വലിച്ചെറിഞ്ഞ് ‘ഖബറടക്കി’യ സഹോദരങ്ങളുടെ അനുഭവം വായിച്ച് ചോരയുറഞ്ഞ് ഇരുന്നുപോയി. ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍.
ഇങ്ങനെ കുറെ മനുഷ്യര്‍ അവരുടെ ജീവന്‍ പാകിയാണ് പ്രവാസത്തിന് അസ്തിവാരമിട്ടത്.മലയാളികളുടെ ഗള്‍ഫ് പ്രവാസം ഉണ്ടായിട്ടില്ലെങ്കില്‍ കേരളം മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ ദാരിദ്ര്യം നിറഞ്ഞ കാഴ്ചകളായി ഇന്നും നിലകൊള്ളുമായിരുന്നു. പ്രവാസികളുടെ വരുമാനമാണ് കേരളത്തിന് ഇന്നു കാണുന്ന പളപളപ്പ് നല്‍കിയത്. കേരളത്തില്‍ എവിടേക്ക് നോക്കിയാലും അവിടെ ഉയര്‍ന്നുകാണുന്ന സമ്ബല്‍സമൃദ്ധിയുടെ എടുപ്പുകള്‍ പ്രവാസിയുടെ പണം കൊണ്ടുണ്ടായതാണ്. കേരളത്തിന് അടിസ്ഥാനപരമായ മൂന്ന് വരുമാനസ്രോതസ്സുകളില്‍ ഒന്നാണ് പ്രവാസി.
ഗള്‍ഫിലടക്കം പോയ പ്രവാസികളും മറ്റ് സംസ്ഥാനങ്ങളില്‍ കുടിയേറിയ മറുനാടന്‍ പ്രവാസികളും അയക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനങ്ങളിലൊന്ന്. എന്നാല്‍ ഈ ഒരു അംഗീകാരം പ്രവാസിക്ക് നാടോ നാടുവാഴുന്നവരോ നല്‍കുന്നുണ്ടോ? ഇല്ല എന്നാണ് കുറച്ചുകാലം പ്രവാസിയായിരുന്ന എന്റെ അനുഭവം. പ്രവാസിയോട് കേരളം നന്ദി കാട്ടിയിട്ടില്ല. നെറികേട് ആവശ്യത്തിലേറെ കാട്ടുന്നുമുണ്ട്.

