ശഹീന്‍ കൊടുങ്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നു. മസ്കത്തില്‍നിന്ന് 650 കിലോമീറ്റര്‍ അകലെയാണ് കൊടുങ്കാറ്റിെന്റ പ്രഭവ കേന്ദ്രം. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു. മസ്കത്തിലുള്ള പ്രത്യേകിച്ച് സീബ്, ബര്‍ക്ക, വടക്കന്‍ ബാത്തിന പ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ഇന്ന് വൈകീട്ട് മുതല്‍ 12 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെടുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കാനും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറിതാമസിക്കാനും താഴ്വരകള്‍ മുറിച്ചുകടക്കുന്നത് ഒഴിവാക്കാനും അതോറിറ്റി നിര്‍ദേശിച്ചു.
ഞായറാഴ്ച മുതല്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. മസ്കത്ത് മുതല്‍ ബാത്തിന വരെ കനത്ത മഴ പെയ്യും. 150 മുതല്‍ 600 മില്ലീ മീറ്റര്‍വരെ മഴ ലഭിച്ചേക്കുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

