തിരുവനന്തപുരം: ഒരു മാസം കഴിയുമ്ബോള്‍ സ്‌കൂള്‍ തുറക്കുന്നതില്‍ ഏറ്റവും കൂടുതല്‍ ആഹ്ളാദിക്കുന്നത് ഒരുപക്ഷേ സ്‌കൂള്‍ കുട്ടികള്‍ ആയിരിക്കില്ല, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബാഗ്, കുട തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാരികളായിരിക്കും. കാരണം മറ്റൊന്നുമല്ല കഴിഞ്ഞ ഒന്നര വര്‍ഷമായി സ്‌കൂളുകള്‍ അടഞ്ഞുകിടപ്പാണ്. അതുകൊണ്ട് തന്നെ സ്‌കൂള്‍ വിപണിയും തകര്‍ന്നു. ഇനി അതൊന്ന് പച്ച പിടിക്കുമെന്ന പ്രതീക്ഷയാണ് കച്ചവടക്കാര്‍ക്ക്.
നഷ്ടപ്പെട്ടത് രണ്ട് സീസണ്‍
കഴിഞ്ഞ രണ്ട് സീസണാണ് സ്‌കൂള്‍ വിപണിക്ക് നഷ്ടപ്പെട്ടത്. കൊവിഡ് വ്യാപനത്തിന് ശമനമുണ്ടായതിനെ തുടര്‍ന്ന് ആ സീസണ്‍ തിരിച്ചെത്തുമ്ബോള്‍ വ്യാപാരികളുടെ പ്രതീക്ഷ വാനോളമാണ്. എല്ലാ വര്‍ഷവും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സീസണാണ് കച്ചവടക്കാരുടെ ചാകരക്കാലമായി കണക്കാക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ 2020, 2021 വര്‍ഷങ്ങളില്‍ നിരാശയായിരുന്നു കച്ചവടക്കാര്‍ക്ക്. ബാഗ്, കുട, നോട്ടുബുക്ക്, വസ്ത്രങ്ങള്‍ എന്നിവയാണ് സ്‌കൂള്‍ തുറക്കലിനോട് അനുബന്ധിച്ച് വിറ്റുപോകുന്ന സാധനങ്ങള്‍. നവംബര്‍ മഴ സീസണ്‍ അല്ലെങ്കില്‍ കൂടി കാലം തെറ്റി പെയ്യുന്ന മഴ കുട വിപണിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷപ്പെടുന്നത്.
സ്‌കൂള്‍ ബാഗുകളിലാണ് കച്ചവടക്കാരുടെ പ്രധാന പ്രതീക്ഷ. മിക്ക കടകളിലും പുതിയ ഇനം ബാഗുകള്‍ എത്തി തുടങ്ങി. തലസ്ഥാനത്തെ മൊത്ത വ്യാപാരികള്‍ മഹാരാഷട്രയില്‍ നിന്നാണ് പൊതുവേ ബാഗുകള്‍ വിലയ്‌ക്ക് വാങ്ങുന്നത്. ഗുണമേന്മയേറിയതും ഈട് നില്‍ക്കുന്നതുമായ ബാഗുകള്‍ അവിടെ നിന്ന് ലഭിക്കുമെന്നതാണ് വ്യാപാരികളെ ആകര്‍ഷിക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കാന്‍ പല വര്‍ണങ്ങളിലുള്ള ആകര്‍ഷകമായ കുടകള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ചിത്രങ്ങളും കാര്‍ട്ടൂണുകളും മറ്റും ആലേഖനം ചെയ്ത കുടകള്‍ക്കാണ് സ്‌കൂള്‍ തുറക്കല്‍ കാലത്ത് ആവശ്യക്കാരേറെ.
സ്‌കൂള്‍ വിപണിയിലേക്ക് പുതിയ ബാഗുകളും കുടകളും മറ്റും എത്തുന്നുണ്ടെങ്കിലും മുന്‍കാലങ്ങളില്‍ എടുത്ത സ്‌റ്റോക്ക് കെട്ടിക്കിടക്കുകയാണ്. ഇവ എന്തുചെയ്യുമെന്ന് വ്യാപാരികള്‍ക്ക് ഒരു നിശ്ചയവുമില്ല. പഴയ ഡിസൈനിലും മറ്റും ഉള്ളതായതിനാല്‍ തന്നെ ഇവയൊന്നും ഇനി വിറ്റുപോകുമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്. ഓഫര്‍ വില നല്‍കിയാല്‍പോലും പഴയ സാധനങ്ങള്‍ക്ക് ആവശ്യക്കാരുണ്ടാകുമോയെന്ന സംശയം വ്യാപാരികള്‍ക്കുണ്ട്. മാത്രമല്ല ഓണ്‍ലൈനിലൂടെയുള്ള സ്‌കൂള്‍ ഉല്‍പന്നങ്ങളുടെ വില്‍പന ആഭ്യന്തര വിപണിക്ക് കനത്ത തിരിച്ചടിയാകുമോയെന്ന ആശങ്കയുണ്ട്. മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും ബാഗുകളും മറ്റും വാങ്ങുന്നത് ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ്.
ചെറിയ ക്ളാസുകളിലെ കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 250 മുതല്‍ 750 രൂപ വരെ വിലയുണ്ട്. മുതിര്‍ന്ന കുട്ടികള്‍ക്കുള്ള ബാഗുകള്‍ക്ക് 500 മുതല്‍ 2000 രൂപ വരെയും വിലയുണ്ട്.

