തിരുവനന്തപുരം : കൊറോണ ആശങ്കയ്‌ക്കിടയില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ശുചീകരണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി തുടരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുവജന സംഘടനകള്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്‌കൂളുകളില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാക്കില്ല. സ്‌കൂളുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എത്രയും വേഗം മാര്‍ഗരേഖ പുറത്തിറക്കും. എല്ലാ വിധ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ച ശേഷമാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് ബോധവല്‍ക്കരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ എണ്ണവും, ഷിഫ്റ്റും തീരുമാനിക്കാനുള്ള അധികാരം അതാത് സ്‌കൂളുകള്‍ക്കാണ്. ഈ മാസം അഞ്ചാം തീയതി കഴിഞ്ഞാല്‍ സ്‌കൂള്‍ തുറക്കുന്നത് വരെയുള്ള കാര്യങ്ങള്‍ ടൈം ടേബിള്‍ നിശ്ചയിച്ച് കൊണ്ട് ചെയ്യുമെന്നും ശിവന്‍കുട്ടി അറിയിച്ചു. നവംബര്‍ ഒന്നു മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത്.

